ഷെഫ് പിള്ളയുടെ രുചികളെ കുറിച്ച് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. മലയാളികൾക്ക് അത്രമാത്രം സുപരിചിതനാണ് ഷെഫ് സുരേഷ് പിള്ള. സോഷ്യൽ മീഡിയക്കും വളരെ സുപരിചിതമാണ് ഷെഫ് പിള്ളയും അദ്ദേഹത്തിന്റെ രുചികളും. ഭക്ഷണവും സൗഹൃദവുമാണ് സോഷ്യൽ മീഡിയയിലും ഷെഫിന്റെ പ്രിയപ്പെട്ട വിഷയങ്ങൾ.
ഇപ്പോഴിതാ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു വീഡിയോ ശ്രദ്ധേയമാകുകയാണ്. അബുദാബി എമിറേറ്റ്സ് പാലസ് ഹോട്ടലിൽ വെച്ച് ഷെഫ് സുരേഷ് പിള്ള സ്വർണം വിതറിയ കോഫി കുടിക്കുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമാകുന്നത്. 24 കാരറ്റ് സ്വർണമാണ് ഇതിൽ ചേർത്തിരിക്കുന്നത്. വീഡിയോയിൽ, സ്വർണ തരികൾ വിതറിയ ഒരു വലിയ കപ്പ് കോഫി വ്യക്തമായി കാണിക്കുന്നുമുണ്ട് അദ്ദേഹം.
രസകരമായ അടിക്കുറിപ്പോടെയാണ് ഷെഫ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ‘അബുദാബി എമിറേറ്റ്സ് പാലസ് ഹോട്ടലിലെ 24 കാരറ്റ് സ്വർണം ചിരണ്ടിയിട്ട കാപ്പി. ഇത് കുടിച്ചിട്ട് നാട്ടിലേക്ക് യാത്ര ചെയ്യാനിരുന്നതാണ്. പേടിച്ചിട്ട് യാത്ര രണ്ട് ദിവസത്തേക്ക് നീട്ടി. ഇനിയെങ്ങാനും നാട്ടിലെ എയർപോട്ടിൽ കീ കീ അടിച്ചാലോ’. ഇതായിരുന്നു വീഡിയോയ്ക്ക് ഷെഫ് കൊടുത്ത അടിക്കുറിപ്പ്.
വ്യത്യസ്തവും പുതുമയുള്ളതുമായ മറ്റ് പല ഡിസേർട്ടുകൾക്കൊപ്പമാണ് സ്വർണം ചേർത്ത കാപ്പിയും വച്ചിരിക്കുന്നത്. എന്നാൽ ‘സ്വർണക്കാപ്പി’യുടെ എടുപ്പ് വേറൊന്നിനും ഇല്ല. വീഡിയോയിൽ കാപ്പി കഴിച്ചുകൊണ്ട് ഇതെക്കുറിച്ച് വിവരങ്ങൾ പങ്കുവയ്ക്കുന്നുമുണ്ട് ഷെഫ്. പതിവുപോലെ നിരവധി പേരാണ് പ്രിയ ഷെഫിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.
Comments