കഴിഞ്ഞമാസം പകുതിയോടെയാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് തുടക്കമാകുന്നത്. ആദ്യത്തെ രണ്ട് കളിയിൽ ആരാധകർ പ്രതീക്ഷിച്ച നിലയിലെ പ്രകടനം കാഴ്ചവെയ്‌ക്കാൻ കേരള സ്‍ട്രൈക്കേഴ്സിന് സാധിച്ചിരുന്നില്ല. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നാളത്തെ മത്സരം നടക്കുന്നത്. ഈ ഒരു അവസരത്തിൽ ടീമിന്‍റെ പ്രതീക്ഷകളെക്കുറിച്ചും. വിവാദങ്ങളെക്കുറിച്ചും മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ടീമിലെ പ്രധാന അംഗമായ ഉണ്ണിമുകുന്ദൻ.
ടീമിലെ എല്ലാവരും ക്രിക്കറ്റിനോട് ഇഷ്ടമുള്ളതിനാലാണ് മത്സരിക്കുന്നത്. സിസിഎല്‍ വിവാദം വലിയൊരു ഭയങ്കര സംഭവമായി കാണുന്നില്ലെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു. എന്നാൽ, രണ്ട് മത്സരങ്ങളിലെ അടുപ്പിച്ചുള്ള തോല്‍വി വളരെ ഗൗരവമായാണ് എടുത്തിരിക്കുന്നത്. സിസിഎല്ലില്‍ മത്സരിക്കുന്ന കേരള സ്ട്രൈക്കേഴ്സിന് വലിയൊരു ഫാന്‍ ബേസ് കേരളത്തിലുണ്ട്. ആദ്യത്തെ രണ്ട് കളി തോറ്റപ്പോള്‍ തന്നെ അതിന്‍റെ ഒരു വ്യാപ്തി എത്രത്തോളമാണെന്ന് മനസ്സിലായെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു.
തോറ്റപ്പോള്‍ ആരാധകരുടെ സങ്കടവും ദേഷ്യവുമൊക്കെ സമൂഹമാദ്ധ്യമങ്ങളിലൂടെ കണ്ടു.
അടിസ്ഥാനപരമായി അത് ഈ ടീമിനോടുള്ള ഇഷ്ടമാണ്. താൻ ഉൾപ്പെടെ എല്ലാവരും ഈ ടീമില്‍ വന്നു പോകുന്ന താരങ്ങളാണ്. മികച്ച കളിക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഇറക്കാന്‍ നമ്മുടെ ടീമിന് കഴിഞ്ഞിട്ടില്ല. ഒരു വര്‍ഷം മുഴുവന്‍ പ്രാക്ടീസ് ചെയ്യുന്നവര്‍ അല്ലല്ലോ താരങ്ങള്‍ അതിനാല്‍ അവരെ ചില സ്ഥലത്ത് തന്ത്രപരമായി ഇറക്കുമ്പോള്‍ അത് വിജയിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.
ചില വെല്ലുവിളികള്‍ ഉണ്ട്. അതിനെ തരണം ചെയ്യാൻ ജെനുവിനായി ടീം ശ്രമം നടത്തുന്നുണ്ട്. അഞ്ചാം തീയതി മുംബൈയുമായുള്ള കളി ഞങ്ങള്‍ വളരെ ഗൗരവമായാണ് എടുക്കുന്നതെന്നും. കഴിഞ്ഞ രണ്ട് കളിയിലും നമ്മള്‍ 200 മുകളില്‍ സ്കോര്‍ ചെയ്തിട്ടുണ്ട്. എതിര്‍ ടീം നന്നായി കളിച്ചു. അടുത്ത രണ്ട് കളിയിലും പരമാവധി പരിശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
താൻ അഭിനയവും ക്രിക്കറ്റും ഒന്നിച്ച് കൊണ്ടുപോകുന്നത് ക്രിക്കറ്റിനോടുള്ള ഇഷ്ടം കൊണ്ടാണ്. ഇപ്പോള്‍ തന്നെ ടീമിലെ നന്നായി കളിക്കുന്ന പലതാരങ്ങളും ഷൂട്ടിംഗ് തിരക്കിലാണ്. അതില്‍ നിന്നും സമയം കണ്ടെത്തി വരുക എന്നത് വലിയ വെല്ലുവിളിയാണ്. അത്തരത്തില്‍ പ്രാക്ടീസ് ഇല്ലാതെ പെട്ടെന്ന് കളത്തിലിറങ്ങുമ്പോഴുള്ള പ്രതിസന്ധിയുണ്ട്. എന്നാലും കളിയോടുള്ള ഇഷ്ടത്തില്‍ എല്ലാവരും കളിക്കുന്നു, ജയിക്കാന്‍ തന്നെയാണ് കളിക്കുന്നതെന്നും ഉണ്ണി കൂട്ടിച്ചേർത്തു.
Comments