ശ്രീനഗർ: ഏഷ്യയിലെ ഏറ്റവും വലിയ തുലിപ്‌സ് പൂന്തോട്ടത്തിൽ മാർച്ച് അവസാനത്തോടെ പൂക്കാലമെത്തും. ജമ്മുകശ്മീരിലെ സബർവാൻ മലനിരകളുടെ താഴ്‌വാരിലാണ് തുലിപ്‌സ് വിരിയുന്നത്.
ഈ വർഷം ഇന്ദിരാഗാന്ധി തുലിപ് ഗാർഡനിൽ 15 ലക്ഷം തുലിപ് പൂക്കൾ പൂക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിൽ ആദ്യവാരത്തോടെ പൂക്കൾ വിരിഞ്ഞ് തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി പൂന്തോട്ട പരിപാലകനായ ഡോക്ടർ ഇനാം-ഉൽ-റഹ്‌മാൻ പറഞ്ഞു. പൂന്തോട്ടത്തിലെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുലിപ്‌സ് മൊട്ടുകൾക്ക് വിടരാൻ അനുകൂലമായ താപനില ആവശ്യമുള്ളതിനാൽ പൂന്തോട്ടം മാർച്ച് അവസാന വാരത്തിലോടെ മാത്രമേ പൊതുജനങ്ങൾക്ക് വേണ്ടി തുറന്നു നൽകുകയുള്ളു. കൊറോണ കാലത്തിന് ശേഷം 2022-ലാണ് കൂടുതൽ സന്ദർശകർ തുലിപ്സ് ഉദ്യാനം സന്ദർശിക്കാൻ എത്തിയത്. കഴിഞ്ഞ വർഷം മാർച്ച് 23 നാണ് പൂന്തോട്ടം വിനോദസഞ്ചാരികൾക്കായി തുറന്നത്. 3.60 ലക്ഷം പേരാണ് കഴിഞ്ഞ വർഷം പൂന്തോട്ടം സന്ദർശിച്ചത്.
ഈ വർഷം ഹോളണ്ടിൽ നിന്ന് ഹോർട്ടികൾച്ചർ വകുപ്പ് നാല് പുതിയ തുലിപ് ഇനങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇത് പൂന്തോട്ടത്തിന്റെ ആകർഷണം കൂട്ടുമെന്ന് വിശ്വസിക്കുന്നതായും ഡോ. ഇനാം പറഞ്ഞു. കഴിഞ്ഞ വർഷം 68 ഇനം തുലിപ്സ് പൂക്കളാണ് പൂന്തോട്ടത്തെ ആകർഷണീയമാക്കിയത്. 30 ഹെക്ടറിലധികം വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന ഉദ്യാന പരിപാലത്തിനായി മുന്നൂറിൽ അധികം തൊഴിലാളികളെ നിയമിച്ചിട്ടുണ്ട്.
Comments