ഓരോ ദേശത്തിന്റെയും തട്ടകദേവതകൾക്കു പുറമെ അതി വിശിഷ്ടമായ അനവധി ക്ഷേത്രങ്ങൾ ഉള്ള നാടാണ് പാലക്കാട്.വള്ളുവനാട്ടിലെ ക്ഷേത്രപ്പെരുമയിൽ എന്തുകൊണ്ടും വ്യത്യസ്തത ഉള്ള ക്ഷേത്രമാണ് വായില്ല്യാംകുന്ന് ഭഗവതി ക്ഷേത്രം. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്താണ് വായില്ല്യാംകുന്ന് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
വരരുചിയുടെ കഥ:
പറയി പെറ്റ പന്തിരുകുലത്തിന്റെ കഥ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. പണ്ഡിത ശ്രേഷ്ഠനായ വരരുചി ഉജ്ജയിനിയിലെ രാജാവായിരുന്ന വിക്രമാദിത്യന്റെ രാജസദസ്സിലെ നവരത്നങ്ങളില്‍ ഒരാളായിരുന്നു . എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ ഭാരതപ്പുഴയുടെ തീരത്തായിരുന്നു അദ്ദേഹത്തിന്റെ ജനനമെന്ന് വിശ്വസിക്കുന്നു. വരരുചിക്ക് പറയ സമുദായത്തില്‍ പെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ടു മക്കളാണ് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്.
ഒരിക്കൽ വിക്രമാദിത്യൻ തന്റെ സദസ്സിലെ പണ്ഡിതന്മാരോട് രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം ഏതെന്ന ചോദ്യം ഉന്നയിച്ചു.
പണ്ഡിതശ്രേഷ്ഠനായ വരരുചിക്കു പോലും അതിനുള്ള ഉത്തരം കണ്ടെത്താനായില്ല. എന്നാൽ തോറ്റു പിൻവാങ്ങാൻ തയ്യാറല്ലാത്ത അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ടു . വിക്രമാദിത്യൻ വരരുചിക്ക് ഉത്തരം കണ്ടെത്താൻ 41 ദിവസത്തെ അവധി നൽകി. വരരുചി ഉത്തരം കണ്ടെത്താനായി യാത്രതുടങ്ങി. വനത്തിലൂടെയുള്ള യാത്രാമദ്ധ്യേ നാല്പതാം ദിവസം , അദ്ദേഹം ഒരു ആൽമരച്ചുവട്ടിലിരിക്കേ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. ഉറക്കത്തിൽ വരരുചി ആല്മരത്തിലെ വനദേവതമാർ തമ്മിലിലുള്ള സംസാരം കേൾക്കാനിടയായി. തൊട്ടടുത്ത വീട്ടിൽ ഒരു പറയി പ്രസവിച്ചു, ആ പറയിക്കുണ്ടായ പെൺകുഞ്ഞിന്റെ ഭാവി ഭർത്താവാരായിരിക്കും എന്ന കൂട്ടുകാരുടെ ചോദ്യത്തിന് “മാം വിദ്ധി” എന്നത് പോലും അറിയാത്ത ഈ വരരുചിയായിരിക്കും എന്നായിരുന്നു വനദേവതമാർ പറഞ്ഞത്.
ഇതുകേട്ട വരരുചിക്ക് ആ ശ്ലോകം മനസ്സിലായി.തന്റെ യാത്ര മതിയാക്കി വരരുചി മടങ്ങി കൊട്ടാരത്തില്‍ എത്തി. രാജാവിന്റെ ചോദ്യത്തിനുള്ള ഉത്തരമായി ” “ രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ തഥാ യഥാ സുഖം ” എന്ന ശ്ലോകമാണ് രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായത് എന്ന് പ്രസ്താവിച്ചു.
ഈശ്വര നിശ്ചയം മറികടക്കാൻ ആവില്ല. കാലാന്തരത്തിൽ വരരുചിക്ക് ആ പറയസ്ത്രീയെ വിവാഹം കഴിക്കേണ്ടി വന്നു. അദ്ദേഹം പത്നിയുമൊത്ത് തീര്‍ത്ഥയാത്രകള്‍ക്ക് പുറപ്പെടുകയും ചെയ്തു. ആ യാത്രകളില്‍ വരരുചിക്കും പത്നിക്കും 12 കുട്ടികള്‍ ജനിച്ചു. ഇവരാണ് പിന്നീട് ചിരപ്രതിഷ്ഠ നേടിയ “പറയി പെറ്റ പന്തിരുകുലം” എന്നറിയപ്പെടുന്നത്. (മേഴത്തോള്‍ അഗ്നിഹോത്രി, പാക്കനാ൪, രജക൯, നാറാണത്ത് ഭ്രാന്ത൯, കാരയ്‌ക്കലമ്മ, അകവൂ൪ ചാത്ത൯, വടുതല നായ൪, വള്ളോ൯, ഉപ്പുകൂറ്റ൯, പാണനാ൪, പെരുന്തച്ച൯, വായില്ലാക്കുന്നിലപ്പ൯ എന്നിവരാണ് അവര്‍)
ഓരോ കുട്ടി ജനിക്കുമ്പോഴും കുട്ടിക്ക് വായുണ്ടോ എന്ന് പത്നിയോട് വരരുചി ചോദിച്ചു. ഉണ്ട് എന്ന് പത്നി മറുപടി പറയുമ്പോൾ, വായുണ്ടെങ്കിൽ ദൈവം കാത്തോളും എന്ന് പറഞ്ഞു കുട്ടിയെ ഉപേക്ഷിച്ചു പോരൂ എന്ന് വരരുചി ആവശ്യപ്പെടുകയാണ് പതിവ്. പ്രസവിച്ച 11 കുട്ടികളെയും അപ്രകാരം ദുഃഖത്തോടെ ഉപേക്ഷിക്കേണ്ടിവന്നപ്പോൾ പന്ത്രണ്ടാമത്തെ കുഞ്ഞിനെയെങ്കിലും തന്റെ ഒപ്പം കൂട്ടാനായി, ഇത്തവണ പക്ഷെ കുഞ്ഞിനു വായില്ല എന്നു ആ മാതാവ് പറഞ്ഞു. പത്നിയുടെ പാതിവൃത്യത്തിന്റെ ശക്തി കാരണം ആ കുഞ്ഞിന്റെ വായ് ഉടന്‍ തന്നെ അടഞ്ഞുപോയി എന്നാണ് വിശ്വാസം.ആ കുട്ടിയെ അവിടെത്തന്നെ പ്രതിഷ്ഠിച്ച ശേഷം പത്നിയെ ബലമായി പിടിച്ചുകൊണ്ട് വീണ്ടും യാത്ര തുടര്‍ന്നു എന്നാണ് ഐതിഹ്യം. പന്ത്രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചത് ഇപ്പോഴത്തെ പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം എന്ന സ്ഥലത്തുള്ള മലമുകളില്‍ വച്ചായിരുന്നു എന്നാണു വിശ്വാസം.പിന്നീട് വായില്ലാക്കുന്നിലപ്പൻ എന്നറിയപ്പെട്ട ഈ ദേവൻ ശബ്ദത്തിന്റെയും സംസാരശേഷിയുടേയും ശക്തിയായി ആരാധിപ്പെടുന്നു. പന്തിരുകുലത്തിൽ വായില്ലാക്കുന്നിലപ്പനു മാത്രമാണ് പിന്മുറക്കാർ ഇല്ലാത്തത് . –
വായില്ല്യാംകുന്ന് അടിവാരത്തിൽ സ്ഥിതി ചെയ്യുന്ന വായില്ല്യാംകുന്നിലപ്പൻ ക്ഷേത്രം, കുന്നിന് മുകളിൽ സ്ഥിതി ചെയ്യുന്ന വായില്ല്യാംകുന്ന് ഭഗവതി ക്ഷേത്രം, ഇവിടെ നിന്നും മൂന്ന് ഫർലോങ്ങ് മാറി സ്ഥിതി ചെയ്യുന്ന മേലേതൃക്കോവിൽ ശ്രീരാമക്ഷേത്രം എന്നിവ ഐതിഹ്യങ്ങളാൽ പരസ്പരം ബന്ധപ്പെട്ട് “വായില്ല്യാംകുന്ന് ക്ഷേത്രങ്ങൾ” എന്നാണ് അറിയപ്പെടുന്നത്. അങ്ങാടിപ്പുറം, കോങ്ങാട്, വായില്ല്യാംകുന്ന് എന്നീ ദേശങ്ങളിലെ ദേവീക്ഷേത്രങ്ങളെ ‘തിരുമാന്ധാംകുന്ന്’ എന്ന പൊതു പേരിലാണ് വിശേഷിപ്പിക്കാറുള്ളത്.
വായില്ല്യാംകുന്ന് ഭഗവതി ലക്ഷ്മി-സരസ്വതി-ദുർഗ എന്നീ ദേവികളുടെ സമസ്ത രൂപമായ ത്രയംബകേശ്വരിയാണ്. വടക്കോട്ട് അഭിമുഖമായിട്ടാണ് ദേവിപ്രതിഷ്ഠ, സാത്വിക ഭാവത്തിലുള്ള പൂജാവിധികളാണ് ഇവിടെയുള്ളത്. ശ്രീകോവിലിൽ ഉപപ്രതിഷ്ഠകളായി വീരഭദ്രൻ, സപ്തമാതൃക്കൾ, ഗണപതി എന്നീ പ്രതിഷ്ഠകൾ ഉണ്ട്. നാലമ്പലത്തിന്റെ ഒരു മൂലയിൽ പനങ്കുറുശ്ശി ഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ശ്രീമൂല സ്ഥാനവും, ക്ഷേത്രപാലമന്ദിരവുമാണ് ഇവിടുത്തെ ഉപദേവാലയങ്ങൾ. പ്രതിഷ്ഠയെക്കുറിച്ചു രണ്ടു വിശ്വാസങ്ങൾ ഉണ്ട്. കൊങ്കു നാട്ടിൽ നിന്നും കുടിയേറിപ്പാർത്ത മൂത്താൻ സമുദായക്കാർ അവരുടെ കുലദേവതയെ ഇവിടെ ക്ഷേത്രം നിർമിച്ച് പ്രതിഷ്ഠിച്ചു എന്നൊരു വിശ്വാസമുണ്ട്. തിരുമാന്ധാംകുന്നിലമ്മയുടെ ചൈതന്യമാണ് എന്നും വാദങ്ങൾ ഉണ്ട്. പണ്ട് അങ്ങാടിപ്പുറം പൂരത്തിന് മറ്റു രണ്ടു കാവിലെ കോമരങ്ങൾ എത്തി ഒത്തുതുള്ളുക പതിവായിരുന്നു. പില്ക്കാലത്ത് വായില്ല്യാംകുന്നിലമ്മ എന്ന പുകഴ്പെറ്റ ഭഗവതി, മന്ധതാവ് മഹർഷി പ്രതിഷ്ഠിച്ച ആകെയുള്ള മൂന്നു പ്രതിഷ്ഠകളിൽ ഒന്നാണ് എന്നുള്ള വിശ്വാസവും ഉണ്ട്.
കുംഭമാസം കാര്ത്തിക നക്ഷത്രത്തിന് പൂരം കൊടികയറുന്നു. അണിമംഗലം ആണ് തന്ത്രി. മകയീരം നക്ഷത്രത്തിനു നട്ടുച്ചക്കാണ് കൊട്ടിപ്പുറപ്പാട്. അന്നുതുടങ്ങി ആറുദിവസങ്ങളിൽ പ്രതിദിനം രണ്ടാറാട്ടും (പകല്, രാത്രി) ഏഴാംദിവസം രാത്രിമാത്രമുള്ള ആറാട്ടുമുണ്ട്. അന്നാണ് അവഭൃതസ്നാനം. ആറാട്ടിന്റെ ഓരോ ഘട്ടത്തിലും ബ്രഹ്മണിയമ്മയുടെ ദേവിസ്തുതി എന്ന ചടങ്ങ് മുന്പ് നടത്തിയിരുന്നു . പുറപ്പാടിനോട് അനുബന്ധിച്ച വാദ്യസംഗമത്തില് ഇരുന്തുടി, വീരാണം എന്നീ വാദ്യോപകരങ്ങളും ഉപയോഗിച്ചിരുന്നു.
പൂരം കൊടിയേറി ഏഴാംദിവസം ഉച്ചക്ക് ശേഷം നാലുപകൽ പൂരങ്ങളും അവരുടേതായ സ്ഥാനങ്ങളില്നിന്ന് എഴുന്നള്ളിപ്പായി പുറപ്പെടും. മലയച്ചൻ തറയിൽ നിന്നും വരുന്ന വടക്കൻ പൂരം, വായില്ല്യാംകുന്ന് മേലേതൃക്കോവിലിൽ നിന്നും പുറപ്പെടുന്ന പടിഞ്ഞാറൻ പൂരം, അഴിയന്നൂർ ദേശത്തു നിന്നും വരുന്ന കിഴക്കൻ പൂരം, വായില്ല്യാംകുന്നിലപ്പൻ ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന തെക്കൻ പൂരം എന്നിങ്ങനെയാണ് നാലു ദേശപ്പൂരങ്ങൾ. തലയെടുപ്പുള്ള ഗജരാജന്മാരുടെ എഴുള്ളിപ്പാണ് ഇവിടെ . കൂടാതെ പേരുകേട്ട വാദ്യകുലപതികളുടെ പ്രമാണങ്ങളിൽ അണിനിരക്കുന്ന പഞ്ചവാദ്യകലാകാരൻമാരുടെയും അകമ്പടിയോടെ ശ്രീ വായില്ല്യാംകുന്നിലമ്മയുടെ തിരുമുറ്റത്തേക്ക് അണിനിരക്കും. നാലു ദേശപ്പൂരങ്ങളിലുമായി കേരളത്തിലെ പ്രശസ്തരായ പഞ്ചവാദ്യകലാകാരന്മാർ മൽസരിച്ച് വാദ്യപ്പെരുമഴ പെയ്യിക്കുന്ന ദൃശ്യമാണ് പിന്നെ. തങ്ങളുടെ ഊഴമനുസരിച്ച് ക്ഷേത്രപ്രദക്ഷിണം ചെയ്തശേഷം ഉപചാരം ചൊല്ലി പിരിയുന്നു.
ഇക്കുറി വായില്ല്യാം കുന്ന് പൂരം മാർച്ച് ആറ് തിങ്കളാഴ്ചയാണ്.
രഞ്ജിത് ജി കാഞ്ഞിരത്തിൽ















