മുംബൈ: മുഗൾ രാജാവ് ഔറംഗസേബിന്റെ ശവകുടീരം ഹൈദരാബാദിലേക്ക് മാറ്റണമെന്ന് ശിവസേന എംഎൽഎ സഞ്ജയ് ഷിർസാത്ത്. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതുമെന്ന് സഞ്ജയ് പറഞ്ഞു. എഐഎംഐഎം എംപി ഇംതിയാസ് ജലീലിന്റെ പുനർനാമകരണ വിരുദ്ധ സമിതിയുടെ നിരാഹാരസമര പ്രതിഷേധത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഔറംഗസേബിനോട് അത്രയും പ്രേമമാണെങ്കിൽ ഔറംഗസേബിന്റെ ശവകുടീരം ഹൈദരാബാദിലേക്ക് മാറ്റണം. അവിടെ അദ്ദേഹത്തിന് സ്മാരകമോ, വേണ്ടതെന്തും ചെയ്തോളൂ. ആർക്കും ഒരു പ്രശ്നവുമില്ല. പക്ഷെ, ഈ സമരം അവസാനിപ്പിക്കണമെന്ന്’സഞ്ജയ് ഷിർസാത്ത് ആവശ്യപ്പെട്ടു. മഹാരാഷ്‌ട്രയിലെ ഛത്രപതി സംഭാജി നഗറിലാണ് (ഔറംഗാബാദ്) ഔറംഗസേബിന്റെ ഖബറിടം സ്ഥിതിചെയ്യുന്നത്. ഔറംഗാബാദ് എംഎൽഎയാണ് സഞ്ജയ് ഷിർസാത്ത്.
മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ കഴിഞ്ഞ വർഷമാണ് ഔറംഗാബാദ്, ഒസ്മാനാബാദ് എന്നീ നഗരങ്ങളുടെ പേരുകൾ പേരുകൾ മാറ്റാനുള്ള തീരുമാനം കൈകൊണ്ടത്. മുഗൾ ചക്രവർത്തിയായ ഔറംഗസേബിൽ നിന്നാണ് ഔറംഗബാദ് എന്ന പേര് വന്നത്. ഇതിഹാസ മറാത്ത യോദ്ധാവ് ഛത്രപതി ശിവാജി മഹാരാജിന്റെ മകൻ ഛത്രപതി സംഭാജി മഹാരാജിന്റെ പേരിൽ നഗരത്തിന്റെയും ജില്ലയുടെയും പേര് സംഭാജിനഗർ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. ഔറംഗസീബിന്റെ നിർദ്ദേശപ്രകാരം സംഭാജി മഹാരാജ് ക്രൂരമായി കൊലചെയ്യപ്പെട്ടിരുന്നു.
ഹൈദരാബാദിന്റെ അവസാനത്തെ ഭരണാധികാരിയായിരുന്ന മിർ ഒസ്മാൻ അലി ഖാന്റെ പേരാണ് ഒസ്മാനാബാദിന് നൽകിയത്. ധാരാശിവ് എന്ന പുതിയ പേര് നഗരത്തിന് സമീപമുണ്ടായിരുന്ന ഗുഹകളുടേതാണ്. മഹാരാഷ്‌ട്രയിലെ ബാലഘട്ട് പർവതനിരകളിൽ നഗരത്തിൽ നിന്ന് 8 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന 7 ഗുഹകളുടെ ശൃംഖലയാണ് ധാരാശിവ് ഗുഹകൾ.
മൂന്ന് പതിറ്റാണ്ടായി ശിവസേന ഉയർത്തിവരുന്ന ആവശ്യമാണിത്. ശിവസേന നേതാവായ ബാൽതാക്കറെയാണ് ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുകൾ മാറ്റണമെന്ന ആവശ്യം ആദ്യമായി ഉന്നയിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരു നഗരങ്ങളുടേയും പുനർനാമകരണത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയത്.
Comments