എറണാകുളം: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണത്തിന് കരാർ നൽകിയത് സിപിഎം നേതാവ് വൈക്കം വിശ്വന്റെ മരുമകൻ രാജ്കുമാർ ചെല്ലപ്പൻ പിള്ള എംഡിയായ കമ്പനിക്ക്. 54 കോടി രൂപയുടെ കരാർ നൽകിയത് വ്യവസ്ഥകൾ ലംഘിച്ചെന്ന് ആരോപണം. പ്ലാസിറ്റിക്ക് സംസ്‌കരണത്തിന് കരാറെടുത്ത സോൺട ഇൻഫ്രടെക് എന്ന കമ്പനിക്കെതിരെയാണ് ഗുരുതരമായ ആരോപണങ്ങളുമായി മുൻ മേയർ ടോണി ചെമ്മിണി രംഗത്ത് എത്തിയിരിക്കുന്നത്.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് സോൺട ഇൻഫ്രാടെക്. 2022- ജനുവരിയിൽ തുടങ്ങി സെപ്റ്റംബറിൽ അവസാനിക്കുന്ന രീതിയിലായിരുന്നു കരാർ. 5,51,903 മെട്രിക്ക് ക്യൂബ് പ്ലാസ്റ്റിക്ക് മാലിന്യം ബയോ മൈനിംഗ് നടത്തി സംസ്‌കരിക്കുക എന്നതായിരുന്നു കരാർ വ്യവസ്ഥ ചെയ്തിരുന്നത്. എന്നാൽ ഇതിന്റെ കാൽ ഭാഗം മാത്രമാണ് പൂർത്തിയായത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻറ് കോർപ്പറേഷനാണ് (കെഎസ്‌ഐഡിസി) ബ്രഹ്‌മപുരത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ സംസ്‌കരണത്തിനായി കരാർ ക്ഷണിച്ചത്. 2020- ലായിരുന്നു ടെൻഡർ പൂർത്തിയാക്കിയത്.
25 കോടിയുടെ വാർഷിക ടേണോവറും ബയോമൈനിഗ് വഴിയുള്ള മാലിന്യ സംസ്‌കരണത്തിൽ പത്ത് കോടി രൂപയുടെ പദ്ധതി പൂർത്തിയാക്കിയതിന്റെ അനുഭവ പരിചയവുമായിരുന്നു കരാറിനായുള്ള യോഗ്യത. എന്നാൽ ആദ്യം സമർപ്പിച്ച ടെൻഡറിൽ തിരുനെൽവേലി കോർപ്പറേഷനിലെ പ്രവർത്തി പരിചയമാണ് കാണിച്ചിരുന്നത്. അതിൽ 8.5 കോടിയുടെ ടോട്ടൽ കോൺട്രാക്ട് വാല്യുമാത്രമാണ് ഉണ്ടായിരുന്നത്. ഈ ടെൻഡർ കെഎസ്‌ഐഡിസി തള്ളിയിരുന്നു. എന്നാൽ വീണ്ടും കരാർ ക്ഷണിച്ചപ്പോൾ മുൻപ് ഉണ്ടായിരുന്ന തുക തന്നെ തുരുത്തി 10 കോടി എന്ന് രേഖപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ ദ്രുതഗതിയിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി സോൺട ഇൻഫ്രാടെക്കിന് കരാർ നൽകുകയായിരുന്നു. എന്നാൽ തീപിടുത്തം ഉണ്ടായ ശേഷം ഇത് തങ്ങളുടെ കരാറിൽ പെടുന്ന മേഖലയല്ലെന്ന നിലപാടാണ് സോൺട ഇൻഫ്രാടെക് സ്വീകരിച്ചത്.
Comments