അഹമ്മദാബാദ്: താരങ്ങൾ ഒപ്പിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പ്രധാനമന്ത്രിയ്‌ക്ക് സമ്മാനിച്ച് ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ. ബോർഡർ ഗാവസ്‌കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നതിന് മുന്നോടിയായിട്ടാണ് ചിത്രം കൈമാറിയത്.
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിൽ സന്ദർശനത്തിനെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനും സ്വന്തം ചിത്രം തന്നെ കൈമാറിയിട്ടുണ്ട്. ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നിയാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്ക് ചിത്രം കൈമാറിയത്.
അതേസമയം അഹമ്മദാബാദിൽ ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിന് ഇന്ന് രാവിലെ 11 മണിക്ക് തുടക്കമായി. ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ ടോസ് നേടി. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ വമ്പൻ മാറ്റങ്ങളാണുള്ളത്. മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമി ടീമിൽ ഇടം നേടിയിട്ടുണ്ട്. ഓസ്ട്രേലിയ കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തി.
4 ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് കഴിഞ്ഞദിവസമാണ് അഹമ്മദാബാദിലെത്തിയത്. അൽബനീസിനെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ഗാന്ധിജിയുടെ സാബർമതി ആശ്രമം സന്ദർശിച്ച അദ്ദേഹം ഗാന്ധിനഗറിലെത്തി. തുടർന്ന് രാജ്ഭവനിൽ ഗവർണർ ആചാര്യ ദേവവ്രത് ഒരുക്കിയ ഹോളി സാംസാകാരിക വിരുന്നിലും പങ്കെടുത്തിരുന്നു.
Comments