തിരുവനന്തപുരം : വേനൽക്കാലമായതോടെ സംസ്ഥാനത്ത് വൈദ്യൂതി ഉപയോഗം ദിനംപ്രതി കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം 86.20 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോക്താക്കൾ ഉപയോഗിച്ചത്. പുറത്ത് നിന്നുള്ള വൈദ്യുതിക്ക് കൂടിയ നിരക്ക് നൽകേണ്ടതിനാൽ രാത്രി ഏഴ് മുതൽ പതിനൊന്നുവരെ വൈദ്യുതി ഉപയോഗം കുറയ്‌ക്കാത്ത പക്ഷം നിരക്ക് വർദ്ധനവ് നേരിടേണ്ടി വരും. ഇടുക്കി അണക്കെട്ടിൽ നിലവിൽ 47 ശതമാനം ജലനിരപ്പ് മാത്രമാണുള്ളത്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ജലനിരപ്പാണിത്. കഴിഞ്ഞ വർഷം ഇതേസമയം 70 ശതമാനം ജലനിരപ്പ് അണക്കെട്ടിൽ ഉണ്ടായിരുന്നു.
സംസ്ഥാനത്ത് പല സ്ഥലങ്ങളിലും താപസൂചിക 45 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു. അമിത ചൂടിന്റെ പശ്ചാത്തലത്തിൽ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്ന സാഹചര്യമാണുള്ളത്. ഈ മാസം മൂന്ന് ദിവസത്തെ വൈദ്യുതി ഉപയോഗം 85 ദശലക്ഷം യൂണിറ്റ് പിന്നിട്ടു എന്നാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം 86.20 യൂണിറ്റ് ബൈദ്യുതിയാണ് ഉപയോഗിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 28-ന് രേഖപ്പെടുത്തിയ 92.99 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗം ഇതുവരെയുള്ള റെക്കോർഡിൽ ഏറ്റവും ഉയർന്നതാണ്.
രാത്രി ഏഴ് മുതൽ 11 വരെയാണ് സംസ്ഥാനത്ത് അധിക വൈദ്യുതി ഉപയോഗമുള്ളത്. ഈ സമയത്തെ വൈദ്യുത ഉപയോഗത്തിന് ഡാമുകളിൽ നിന്ന് മാത്രമുള്ള ആഭ്യന്തര ഉത്പാദനം മതിയാകില്ല. കഴിഞ്ഞ ദിവസം പീക്ക് സമയത്തെ വൈദ്യുത ആവശ്യം 4,284 മെഗാ വാട്ടായിരുന്നു. ഇനിയും ഉപയോഗം കൂടുകയാണെങ്കിൽ കൂടിയ വിലക്ക് വൈദ്യുതി അധികമായി വാങ്ങേണ്ട സാഹചര്യമുണ്ടാകും. ഇത്തരത്തിൽ വിൽക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 50 രൂപ വരെ ഈടാക്കാമെന്ന് കേന്ദ്ര വൈദ്യുത റഗുലേറ്ററി കമ്മീഷൻ വിതരണ കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്.















