തിയേറ്ററുകളെ ഇളക്കി മറിച്ച രോമാഞ്ചം സിനിമ ഒടിടി റിലീസിനൊരുങ്ങുന്നു. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിനാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ സിനിമയുടെ റിലീസ് ഡേറ്റ് ഇതുവരെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.
ഫെബ്രുവരി 3-ന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമ ഹൊറർ കോമഡി വിഭാഗത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഏകദേശം മൂന്നു കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രത്തിന് ഒരു മാസം കൊണ്ട് ബോക്സോഫീസില്‍ നിന്നും 62 കോടി രൂപയാണ് സ്വന്തമാക്കാൻ കഴിഞ്ഞത്.
അർജുൻ അശോകൻ, സൗബിൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് അവതരിപ്പിച്ചിരിക്കുന്നത്. സിജു സണ്ണി, സജിന്‍ ഗോപു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് ജോൺപോൾ ജോർജ്, ഗിരീഷ് ഗംഗാധരൻ എന്നിവരാണ്. സുശിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
Comments