കൊൽക്കത്ത : കടം വാങ്ങിയ 500 രൂപ നൽകാത്തതിന്റെ പേരിൽ നാൽപ്പതുകാരനെ തല്ലിക്കൊന്ന് അയൽവാസി. പശ്ചിമബംഗാളിലെ മാൽഡ ജില്ലയിൽ ഗംഗാപ്രസാദ് കോളനിയിലാണ് സംഭവം. അയൽവാസിയുടെ ക്രൂര മർദനത്തെ തുടർന്ന് ബൻമലി പ്രമാണിക് എന്നയാളാണ് മരിച്ചത്. അയൽവാസിയായ പ്രഫുല്ല റോയിൽ നിന്നും ഇയാൾ അഞ്ഞൂറ് രൂപ വായ്പ വാങ്ങിയിരുന്നു. എന്നാൽ പറഞ്ഞ സമയത്തിനുള്ളിൽ വാങ്ങിയ പണം തിരികെ നൽകാൻ ബൻമലി പ്രമാണിക്കിന് സാധിച്ചിരുന്നില്ല. ഇതിന്റെ പേരിൽ നിരന്തരം വഴക്ക് പതിവായിരുന്നു.
സംഭവ ദിവസം പണം ആവശ്യപ്പെട്ടുകൊണ്ട് പ്രഫുല്ല ഇയാളുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം ബൻമലി വീട്ടിലുണ്ടായിരുന്നില്ല.തുടർന്ന് ബൻമലിയെ തിരക്കി സമീപത്തെ ചായക്കടയിലേക്ക് പ്രതി പോയി. അവിടെ ബൻമലിയെ കാണുകയും പ്രഫുല്ല പണം ആവശ്യപ്പെടുകയും ചെയ്തു. പൈസയില്ലെന്ന് പറഞ്ഞതോടെ ബൻമലിയെ മുളവടി കൊണ്ട് തല്ലിച്ചതക്കുകയായിരുന്നു പ്രതി. ബൻമലിയുടെ സഹോദരൻ അജയ് പ്രമാണിക്കാണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്.
തലയ്‌ക്ക് അടിയേറ്റ് ബൻമലി കുഴഞ്ഞുവീണതായി ദൃക്‌സാക്ഷികളും പറഞ്ഞിരുന്നു. എന്നാൽ അൽപനേരം കഴിഞ്ഞതിനു ശേഷം ബോധം തിരിച്ചു കിട്ടിയ ബൻമലി നടന്നാണ് വീട്ടിലേക്ക് മടങ്ങിയത്. തുടർന്ന് അടുത്ത ദിവസം രക്തം ഛർദ്ദിക്കാൻ തുടങ്ങി. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച ബൻമലിയെ മാൽഡയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ഇവിടെ എത്തുന്നതിന് മുമ്പ് തന്നെ ബൻമലി മരിച്ചു.
Comments