ഡെറാഡൂൺ: ചൈത്ര നവരാത്രി ആഘോഷം സംസ്ഥാനത്തുടനീളം നാരീ ശക്തി ഉത്സവമായി ആഘോഷിക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ. ഇതോടനുബന്ധിച്ച് ഓരോ ജില്ലയിലും ദേവീ ആരാധന പരിപാടികൾ സംഘടിപ്പിക്കും. ഈ പരിപാടികളിൽ സ്ത്രീകളേയും പെൺകുട്ടികളേയും പ്രത്യേകം പങ്കെടുപ്പിക്കും. നാരീ ശക്തി ഉത്സവത്തിനായി എല്ലാ ജില്ലാ മജിസ്ട്രേറ്റുകൾക്കും സാംസ്‌കാരിക വകുപ്പ് 1,00,000 രൂപ അനുവദിച്ചു.
ചൈത്ര നവരാത്രി ദിനത്തിൽ ദുർഗ്ഗയുടെ ഒമ്പത് രൂപങ്ങളെ ആചാരാനുഷ്ഠാനങ്ങളോടെ ആരാധിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ഹരിചന്ദ്ര സെംവാൽ പറഞ്ഞു. വേദങ്ങളിലും പുരാണങ്ങളിലും ചൈത്ര നവരാത്രിക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. ചൈത്ര നവരാത്രിയിൽ ദുർഗയെ ആരാധിക്കുന്നത് നെഗറ്റീവ് എനർജി അകറ്റുകയും പോസിറ്റീവ് എനർജി ചുറ്റും നിറയ്‌ക്കുകയും ചെയ്യുന്നു. അതിനാൽ, ഉത്തരാഖണ്ഡിലെ ചൈത്ര നവരാത്രിയുടെ പ്രാധാന്യം കണക്കിലെടുത്ത്, സംസ്ഥാനത്തെ എല്ലാ പ്രധാന ദേവീ ക്ഷേത്രങ്ങളിലും ശക്തിപീഠങ്ങളിലും മതപരവും സാംസ്‌കാരികവുമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈത്ര നവരാത്രി ആഘോത്തിനോടനുബന്ധിച്ച് ജമ്മു കശ്മീരിലെ മാതാ വൈഷ്‌ണോ ദേവീക്ഷേത്രത്തിൽ പ്രത്യേക പൂജകൾക്കായി തുറന്നു. ഇനിയുള്ള ദിവസങ്ങളിൽ തീർത്ഥാടകർ വൻതോതിൽ ഇവിടേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നുതായി വൈഷ്‌ണോ ദേവീക്ഷേത്ര ബോർഡ് ചെയർമാൻ കൂടിയായ ജമ്മു കശ്മീർ എൽജി മനോജ് സിൻഹ പറഞ്ഞു.
വർണ്ണാഭമായ ഉത്സവങ്ങളിലൊന്നാണ് ചൈത്ര നവരാത്രി. ഇന്ത്യയിൽ പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും മഹത്തായ ഹൈന്ദവ ആഘോഷങ്ങളിൽ ഒന്നാണിത്. രാമ നവരാത്രി അല്ലെങ്കിൽ വസന്ത നവരാത്രിയെന്നും ചൈത്രമാസത്തിലെ നവരാത്രിയെ വിശേഷിപ്പിക്കാറുണ്ട്. ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന ചൈത്ര നവരാത്രി, ഇത്തവണ മാർച്ച് 22 ബുധനാഴ്ച മുതൽ ആരംഭിക്കും. ദുർഗ്ഗാ ദേവിക്ക് സമർപ്പിക്കുന്ന ഉത്സവമാണ് ചൈത്ര നവരാത്രി ഉത്സവം. ചൈത്ര മാസത്തിലെ ഒൻപത് ദിവസങ്ങൾ ദുർഗ്ഗാ ദേവിയുടെ ഒൻപത് അവതാരങ്ങൾക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നു. പത്താം ദിവസം സമാപനാഘോഷങ്ങളും കർമ്മങ്ങളുമാണ്. ഓരോ ദിവസവും ഓരോ അവതാരത്തെയും പ്രത്യേക പ്രാധാന്യത്തോടെ ആരാധിക്കുന്നു. ശൈലപുത്രി, ബ്രഹ്‌മചാരിണി, ചന്ദ്രഘണ്ഡ, കൂഷ്മാണ്ഡ, സ്‌കന്ദമാതാ, കാർത്ത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാത്രി ഭാവങ്ങളാണ് ദുർഗ്ഗ ദേവിയുടെ ഒമ്പത് അവതാരങ്ങൾ.
Comments