തിരുവനന്തപുരം: ബഡ്ജറ്റ് നിർദേശങ്ങൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച ധനകാര്യബില്ലുകൾ നിയമസഭ ചർച്ച കൂടാതെ പാസാക്കി. ഇന്ധനത്തിന് രണ്ട് രൂപ സെസ് മുതൽ കെട്ടിട നികുതിക്കും മദ്യത്തിനും വരെ കൂട്ടിയ നികുതി വർദ്ധനവുകൾ ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു.
ഭൂമിയുടെ ന്യായവില 20 ശതമാനമായി വർദ്ധിപ്പിച്ചതിനൊപ്പം സ്റ്റാമ്പ് ഡ്യൂട്ടി എട്ട് ശതമാനമായി ഏകീകരിച്ചിരുന്നു. ഇതോടെ ഭൂമി.ുടെ രജിസ്‌ട്രേഷൻ നിരക്ക് കുത്തനെ ഉയരുമെന്നതിൽ സംശയമില്ല. ഭൂമിയുടെ ന്യായവില കൂടി ഉൾപ്പെടുന്നതോടെ നഗരപ്രദേശങ്ങളിലെ കെട്ടിട നികുതിയിൽ വൻ വർദ്ധവനുണ്ടാകും.
പെട്രോളിനും ഡീസലിനും മദ്യത്തിനും ഉൾപ്പെടെ സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയിരുന്നു. ഇന്ധനത്തിന് രണ്ട് രൂപയാണ് അധിക സെസ് ഏർപ്പെടുത്തിയത്. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വർദ്ധിക്കും. ഇതുവഴി പ്രതിദിനം ശരാശരി രണ്ട് ലിറ്റർ പെട്രോളടിക്കുന്ന സാധാരണക്കാരന് പ്രതിവർഷം 1,500 രൂപയുടെ അധിക ബാധ്യത ഉണ്ടാകും. 500 രൂപ മുതൽ വിലയുള്ള മദ്യങ്ങൾക്കാകും സെസ് ബാധകമാകുക. 500 മുതൽ 999 വരെ വിലവരുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപയ്‌ക്ക് മുകളിലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലുമാണ് സെസ് ഈടാക്കുക. ആഴ്ചയിലൊരിക്കൽ മദ്യപിക്കുന്ന ആൾക്ക് പോലും ഒരു വർഷത്തിൽ 2,000 രൂപയുടെ അധിക ചെലവ് വരും.
ഇരുചക്ര വാഹനങ്ങൾക്ക് സെസ് 100 രൂപയായാണ് ഉയർത്തിയത്. ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 100 രൂപയിൽ നിന്ന് 200 രൂപയായും മീഡിയംമോട്ടോർ വാഹനങ്ങൾക്ക് 150 രൂപയിൽ നിന്ന് 300 രൂപയായും ഹെവി വാഹനങ്ങൾക്ക് 250 രൂപയിൽ നിന്ന് 500 രൂപയായും വർദ്ധിപ്പിച്ചു. പുതുതായി വാങ്ങുന്ന കാറുകളുടെയും സ്വകാര്യ ആവശ്യത്തിനായി വാങ്ങുന്ന മറ്റ് വാഹനങ്ങളുടെയും നികുതിയിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള കാറുകളുടെ നികുതിയിൽ ഒരു ശതമാനവും അഞ്ച് ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ളവയുടെ നികുതിയിൽ രണ്ട് ശതമാനവും 15 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ വിലയുള്ളവയ്‌ക്ക് ഒരു ശതമാനവും നികുതി വർദ്ധിക്കും.
Comments