റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമർ പുടിനെ അതിരൂക്ഷമായി വിമർശിച്ച് ഗാനങ്ങൾ സൃഷ്ടിച്ച സംഗീതജ്ഞൻ 35-ാം വയസിൽ അന്തരിച്ചു. ജനപ്രിയ ഇലക്ട്രോണിക് ഗ്രൂപ്പായ ക്രീം സോഡയുടെ സ്ഥാപകനായ ദിമിത്രി സവിർഗുണോവ് ആണ് അപ്രതീക്ഷിതമായി അന്തരിച്ചത്. റഷ്യൻ സംഗീതജ്ഞനായ ഇദ്ദേഹം പുടിനെ വിമർശിച്ച് പാട്ടുകൾ തയ്യാറാക്കിയതിന് പിന്നാലെ ലോകശ്രദ്ധയാകർഷിച്ചിരുന്നു.
കഴിഞ്ഞ ദിവസം പുഴ മുറിച്ച് കടക്കവെ ഐസിൽ വീണുണ്ടായ അപകടത്തിലാണ് ദിമിത്രി അന്തരിച്ചത്. തണുത്തുറഞ്ഞ വോൾഗ നദിയുടെ മറുകരയിൽ എത്താനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. ദിമിത്രിയുടെ രണ്ട് സഹോദരന്മാരും മൂന്ന് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. അപകടത്തിൽപ്പെട്ട മറ്റുള്ളവരെ രക്ഷപ്പെടുത്തിയെങ്കിലും ദിമിത്രിയുടെ ജീവൻ രക്ഷിക്കാനായില്ല.
ദിമ നോവ എന്നായിരുന്നു റഷ്യയിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത്. യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം സംഭവിച്ചതിന് പിന്നാലെ മോസ്‌കോയിൽ രൂപപ്പെട്ട പ്രതിഷേധങ്ങൾക്ക് ദിമിത്രിയുടെ ഗാനങ്ങൾ ഉപയോഗിച്ചിരുന്നു. അക്വാ ഡിസ്‌കോ എന്ന ഗാനമാണ് പ്രതിഷേധക്കാർ ഏറ്റെടുത്തിരുന്നത്. തുടർന്ന് അക്വാ ഡിസ്‌കോ പാർട്ടീസ് എന്നാണ് പ്രതിഷേധം അറിയപ്പെട്ടിരുന്നത്.
Comments