മലയാളക്കരയുടെ പ്രിയപ്പെട്ട ഇന്നസെൻ്റിന് വിടചൊല്ലാൻ ഒരുങ്ങുകയാണ് കലാലോകം. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങൾ ബാക്കിയാക്കി അദ്ദേഹം കാലയവനിയ്‌ക്ക് ഉള്ളിൽ മറഞ്ഞപ്പോൾ മലയാളത്തിന് നഷ്ട്ടമായത് മഹാ പ്രതിഭയെയാണ്. ഇന്നസെൻ്റിന്റെ അഭിനയ ജീവിതത്തെ കുറിച്ചുള്ള ഓർമ്മകളിൽ ഒരുപക്ഷേ മറക്കാനാകാത്ത ഏടാണ് മലയാള സിനിമയിലെ ഇന്നസെൻ്റ്-മോഹൻലാൽ കോമ്പോ. ദേവാസുരം മുതൽ തുടങ്ങിയ ആ യാത്രയിൽ പിന്നീട് കാണാനായത് ആരെയും കൊതിപ്പിക്കും തരത്തിലുള്ള സ്നേഹ ബന്ധങ്ങളുടെ നേർകാഴ്ചയായിരുന്നു.
നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ചുവെങ്കിലും ദേവാസുരത്തിലെ വാര്യർ എന്ന കഥാപാത്രം മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്. വാര്യരെ എന്ന ആ വിളി ഇന്ന് നമ്മുടെയെല്ലാം കണ്ണുകളെ ഈറനണിയിപ്പിക്കുന്നതാണ്. ദേവാസുരത്തില്‍ ‘നീലകണ്ഠനാ’യി മോഹൻലാല്‍ നിറഞ്ഞാടിയപ്പോള്‍ ‘വാര്യരെ’ന്ന സുഹൃത്തും സഹായിയുമൊക്കെയായി ഇന്നസെന്റും തിളങ്ങിയിരുന്നു. ദേവാസുരത്തിന് ശേഷം രണ്ടാം ഭാഗമായി ഇറങ്ങിയ രാവണപ്രഭു എന്ന ചിത്രത്തിലും കാർത്തികേയൻ എന്ന മോഹൻലാല്‍ കഥാപാത്രത്തിനൊപ്പം ആ കാലത്തും വാര്യരായി കണ്ണുകളെ ഈറനണിയിച്ചു.
പിന്നീട് ഈ കൂട്ടുകെട്ടിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയപ്പിക്കുകയും ചെയ്ത നിരവധി ചിത്രങ്ങളാണ് പിറന്നത്. ദേവാസുരം, പക്ഷേ, നമ്പർ 20 മദ്രാസ് മെയിൽ, രാവണപ്രഭു, ചന്ദ്രലേഖ, കിലുക്കം, മണിച്ചിത്രത്താഴ്, വിയറ്റ്നാം കോളനി, പവിത്രം, ഉസ്താദ്, അലിഭായ് , പട്ടണപ്രവേശം, നാടോടിക്കാറ്റ് , പിൻഗാമി , രസതന്ത്രം , വരവേൽപ്പ് , ഹരികൃഷ്ണൻസ്, നരൻ, മിഥുനം, ഒപ്പം തുടങ്ങി അനവധി ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. നീലകണ്ഠന് ‘വാര്യരെ’ എന്ന വിളികേൾക്കാൻ ഇനി ഇന്നസെൻ്റില്ല എന്ന തിരിച്ചറിവിൽ പ്രിയ സുഹൃത്തിനെ കുറിച്ച് മോഹൽലാൽ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
മോഹൻലാലിന്റെ വാക്കുകൾ……… “എന്താ പറയേണ്ടത് എന്റെ ഇന്നസെൻ്റ് … ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിന്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എന്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും…“
Comments