പാലക്കാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും എംഎൽഎയുമായ ഷാഫി പറമ്പിലിനെതിരെ പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ. ‘ഷോഫി’ഫാൻസ് പാലക്കട്ടെ കോൺഗ്രസ്സിന് ബാധിച്ച കാൻസർ’ എന്നും ഷാഫിയുടെയും ഏകാധിപത്യവും ഗ്രൂപ്പിസവും അവസാനിപ്പിക്കണമെന്നും പോസ്റ്ററിൽ പറയുന്നു. മതം പരിചയാക്കി വ്യക്തിഗത നേട്ടം കൈവരിച്ചെന്നും പോസ്റ്ററിൽ ആരോപിക്കുന്നു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിഎച്ച് ഫിറോസ് ബാബുവിനെതിരെയും പോസ്റ്ററിൽ ആരോപണമുണ്ട്. ഫിറോസ് നേതാക്കളെ പ്രീണിപ്പിച്ച് സീറ്റ് തരപ്പെടുത്തുയെന്നും ഇലക്ഷൻ ഫണ്ട് വെട്ടിച്ച് വീട് നിർമ്മിച്ചെന്നും പോസ്റ്ററിൽ പറയുന്നു. പദയാത്ര നടത്താൻ പിരിച്ച കാശിന് കാറുവാങ്ങിയെന്നും പോസ്റ്ററിൽ ആരോപിക്കുന്നു.
അടുത്തിടെ പാലക്കാട്ടെ യൂത്ത് കോൺഗ്രസിൽ അച്ചടക്ക നടപടികൾ സ്വീകരിച്ചിരുന്നു. ജില്ലാ സമ്മേളനവുമായി സഹകരിക്കാത്ത എട്ട് മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ടു. വെള്ളിനേഴി, ഷൊർണ്ണൂർ, പറളി, പാലക്കാട് സൗത്ത്, മേലാർക്കോട്, വടവന്നൂർ, അയിലൂർ മണ്ഡലം കമ്മറ്റികളാണ് പിരിച്ച് വിട്ടത്. സംസ്ഥാന ജനറൽ സെക്രട്ടറി എം.ധനേഷ് ലാലാണ് നടപടി എടുത്തത്.
Comments