ദഹനപ്രശ്നങ്ങൾ അനുഭവപ്പെടാത്തവർ ചുരുക്കമായിരിക്കും. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചൽ തുടങ്ങിയവയൊക്കെ ദഹനപ്രശ്നങ്ങൾ മൂലം ഉണ്ടാകുന്നതാണ്. എന്നാൽ തുടർച്ചയായുണ്ടാകുന്ന ദഹനപ്രശ്നങ്ങൾ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. അതിനാൽ ജീവിതശൈലിയിൽ മാറ്റംവരുത്തി ദഹനം സുഗമമാക്കുകയാണ് ചെയ്യേണ്ടത്. തൈര്,ആപ്പിൾ, ഇഞ്ചി തുടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കിയാൽ ദഹനപ്രശ്നങ്ങളിൽ നിന്ന് മോചനം നേടാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
മനസിന് ഇഷ്ടപ്പെട്ട ആഹാരം കഴിച്ചുകൊണ്ട് തന്നെ, നിയന്ത്രണങ്ങൾ ഒന്നും തന്നെ ഇല്ലാതെ, ദഹന പ്രശ്നങ്ങളെ ഭയക്കാതെ തന്നെ നമ്മുക്ക് ദഹന പ്രക്രിയയെ ത്വരിതപ്പെടുത്താവുന്നതാണ്. മലബന്ധം, അസിഡിറ്റി, ദഹന സംബന്ധമായ മറ്റ് പ്രശ്നങ്ങളിൽ നിന്നെല്ലാം പരിഹാരമുണ്ട് യോഗയിൽ. ദഹനത്തെ സഹായിക്കുന്നതിനൊപ്പം തന്നെ കാലുകളിലെ പേശികൾ, ഇടുപ്പ്, കണങ്കാൽ, കാൽമുട്ട് തുടങ്ങിയിടങ്ങളിലെ വഴക്കം വർദ്ധിപ്പിക്കാനും സഹായിക്കുന്ന യോഗാസനയാണ് വജ്രാസനം. https://dubaiyogatrainers.com/ കോ- ഫൗണ്ടർ ഷീനു രാജേഷ് എഴുതുന്നു…
സംസ്കൃതത്തിൽ ”വജ്ര” എന്ന വാക്കിന് ”ശക്തിയുള്ളത്” എന്നാണർത്ഥം. ഈ ആസനത്തിൽ ഇരിക്കുന്ന ആൾക്ക് വജ്രത്തെപോലെ കടുപ്പമുണ്ടെന്ന് കാണുന്നവർക്ക് തോന്നാം. അതുകൊണ്ടു തന്നെ ഈ പേര് അന്വർത്ഥമാണെന്നും കാണാം. സാധാരണയായി ഇരുന്നുകൊണ്ട് പരിശീലിക്കേണ്ട യോഗാസനയാണ് വജ്രാസനം. ശാരീരികമായും മാനസികമായും വളരെയധികം ഗുണം നൽകുന്ന യോഗാസനയാണിത്. പൊതുവായി ശ്വസനവ്യായമങ്ങൾ ചെയ്യുമ്പോഴും ധ്യാനത്തിനായും പരിശീലിക്കാവുന്നതാണിത്.
വജ്രാസനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
*യോഗ മാറ്റിൽ നട്ടെല്ല് നിവർന്നിരിക്കണം.
* അയഞ്ഞ, വായുസഞ്ചാരമുള്ള വസ്ത്രം ധരിക്കുക.
*കാലുകൾ ചേർന്നിരിക്കണം.
നടുനിവർന്ന്, മുന്നിലേക്ക് നോക്കുന്ന രീതിയിൽ ഇരുന്ന് വേണം വജ്രാസനം ചെയ്യാൻ. ഇതിനായി വലതുകാൽ മടക്കി പിന്നിലേക്ക് വെച്ച്, വലത് പ്രഷ്ഠഭാഗം വലത് ഉപ്പൂറ്റിയിലേക്ക് വെയ്ക്കുക. ഇടത് കാലും ഇതേ രീതിയിൽ ചെയ്യുക. ശരീരഭാരം പൂർണ്ണമായും കാൽമുട്ടിലേക്ക് കൊടുക്കാതെ പ്രഷ്ഠഭാഗം ഉപ്പൂറ്റിയിൽ ഉറപ്പിച്ച് ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രണ്ട് കാലിലേയും പെരുവിരലുകൾ പരസ്പരം സ്പർശിച്ചിരിക്കാൻ ശ്രദ്ധിക്കണം. കഴുത്ത് ഭൂമിയ്ക്ക് സമാന്തരമായി വെയ്ക്കണം. തോളിലെ മസിലുകൾക്ക് അയവ് വരുത്താനും ശ്രദ്ധിക്കേണ്ടതാണ്. കൈകൾ കാൽമുട്ടിൽ വിശ്രമമാക്കുകയോ അല്ലാത്തപക്ഷം ചിൻമുദ്രയിൽ (വലതുകയ്യിലെ ചൂണ്ടുവിരൽ തള്ളവിരലിനോടു ചേർത്തു വൃത്താകാരമാക്കിയും ചെറുവിരൽ, മോതിരവിരൽ, നടുവിരൽ എന്നിവ നിവർത്തിയും പിടിക്കുന്നതാണു ചിന്മുദ്ര) വെയ്ക്കുകയോ ചെയ്യാം.
ആദ്യമായി പരിശീലനം ആരംഭിക്കുന്നവർ മൂന്ന് മുതൽ അഞ്ച് മിനിറ്റ് വരെ വജ്രാസനം പരിശീലിക്കാവുന്നതാണ്. ശരീരഭാരം കൂടുതലുള്ളവർ, മറ്റ് ശാരീരിക ബുദ്ധിമുട്ടുകള# നേരിടുന്നവർ തുടങ്ങിയ അവരവരുടെ സൗകര്യപ്രകാരം കുറഞ്ഞ സമയം പരിശീലിച്ച് തുടങ്ങുന്നതാകും ഉചിതം. ഗുരുതരമായ മുട്ടുവേദന, തേയ്മാനം,നട്ടെല്ല് സംബന്ധമായ ബുദ്ധിമുട്ടുകൾ തുടങ്ങിയവ നേരിടുന്നവർ ആരോഗ്യവിദഗ്ധനുമായി ബന്ധപ്പെട്ട ശേഷം യോഗ പരിശീലകന്റെ മേൽനോട്ടത്തിൽ പരിശീലനം നേടുക.
Comments