പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവതരിപ്പിച്ച് മെറ്റ. സെഗ്മന്റ് എനിതിംഗ് മോഡൽ അഥവാ സാം എന്ന് പേരിട്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണിത്. ഇതിൽ ചിത്രങ്ങളിലും വീഡിയോകളിലുമുള്ള ഓരോ വസ്തുവിനെയും തിരിച്ചറിയുന്നതിനുള്ള ഓപ്ഷനുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മറ്റൊരു സാധ്യതയാണ് സാം എഐയിലൂടെ മെറ്റ ലക്ഷ്യമിടുന്നത്. കാർഷിക രംഗം, മൃഗപരിപാലനം, ലാബുകളിലെ ഗവേഷണങ്ങൾ തുടങ്ങി പല മേഖലകളിൽ ഇത് പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് മെറ്റ വ്യക്തമാക്കി. മെറ്റയുടെ തന്നെ വിവിധ ആപ്പുകളിൽ ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ ഉൾപ്പെടുത്തുകയാണ് പ്രധാന പദ്ധതിയെന്ന് സക്കർബർഗ് പറഞ്ഞു.
സാം എഐയ്‌ക്ക് സമാനമായ സാങ്കേതിക വിദ്യ നേരത്തെ തന്നെ മെറ്റ ഉപയോഗിച്ചിരുന്നു. ചിത്രങ്ങളിലെ ആളുകളെ ടാഗ് ചെയ്യുന്നതിനും നിരോധിത ഉള്ളടക്കങ്ങൾ തിരിച്ചറിഞ്ഞ് നിയന്ത്രിക്കുന്നതിനുമെല്ലാം ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള സാങ്കേതിക വിദ്യകളാണ്. മെറ്റയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്ക മോഡറേഷനും സാം എഐ പ്രയോജനപ്പെടുത്താനാവും.















