ശ്രീനഗർ : പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ടറായി ചമഞ്ഞ് ജമ്മുകശ്മീരിൽ അറസ്റ്റിലായ പ്രതി കിരൺ പട്ടേലിനെ ഗുജറാത്ത് പോലീസിന് കൈമാറി. പ്രതിയെ കസ്റ്റ്ഡിയിൽ വിട്ടുതരണമെന്ന് ശ്രീനഗർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയോട് ഗുജറാത്ത് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് വെള്ളിയാഴ്ച ഇയാളെ ഗുജറാത്ത് പോലീസിന് കൈമാറുകയായിരുന്നു.
പ്രധാനമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയെന്ന് വ്യാജേന ആളുകളെ കബളിപ്പിക്കവെ മാർച്ച് മൂന്നിനാണ് സുരക്ഷാ ഉദ്യോഗസ്ഥർ കിരൺ പട്ടേലിനെ പിടികൂടിയത്. പ്രധാനമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായി വേഷമിട്ട് ആശുപത്രികളിലെയും ഹോട്ടലുകളിലുകളിലെയും ജീവനക്കാരെ കബളിപ്പിച്ച് അവിടുത്തെ സുരക്ഷാ സംവിധാനങ്ങൾ ഇയാൾ ഉപയോഗിച്ചിരുന്നു. ഗുജറാത്തിലെ നിരവധി മോഷണകേസുകളിൽ പ്രതിയാണ് കിരൺ പട്ടേൽ എന്ന പോലീസ് വ്യക്തമാക്കി.
സർക്കാരിന്റെ അധികാര പരിധിക്കുള്ളിൽ കശ്മീർ താഴ്വവരയിലെയും മറ്റ് ഭാഗങ്ങളിലെയും പ്രവർത്തനങ്ങളിൽ ഇയാൾ ഏർപ്പെട്ടിരുന്നു. കൂടാതെ, ഇയാളുടെ കൈവശം നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ, വ്യാജ വിസിറ്റിംഗ് കാർഡുകൾ എന്നിവ പോലീസ് കണ്ടെടുത്തിരുന്നു. വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പട്ടേലിനെതിരെ കേസെടുത്തിരുന്നത്.
Comments