തൃശ്ശൂർ: ഹിന്ദുത്വമെന്നത് വർഗീയത വളർത്തുന്നതാണെന്ന തരത്തിലാണ് കമ്യൂണിസ്റ്റുകളും ഇടത് ബുദ്ധിജീവികളെന്ന് നടിക്കുന്നവരും പറയുന്നതെന്ന് ആർഎസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യൻ രാം മാധവ്. ഹിന്ദുസമൂഹം കണ്ണും ചെവിയും സ്വയം മൂടിയ നിലയിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ സമ്പൂർണ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചയ്ത് സംസാരിക്കുകയായിരുന്നു രാം മാധവ്.
‘ഭാരതത്തിൽ ഹിന്ദു മുന്നേറ്റം ശക്തിപ്പെടുകയാണ്. ഹൈന്ദവ ഐക്യം സംഘടിച്ച് ശക്തി നേടാനും ധർമ്മവും സംസ്‌കാരവും സംരക്ഷിക്കാനുമുള്ളതാണ്. ഹിന്ദു ഏകീകരണ ശ്രമങ്ങളെ മതമൗലികവാദമെന്നും വർഗീയമെന്നും ഇസ്ലാമോഫോബിയയെന്നും വിമർശിക്കുകയാണ് ചിലർ. ഹിന്ദു മൗലികതത്വങ്ങൾ എല്ലാവർക്കും സുഖവും ശാന്തിയും ആഗ്രഹിക്കുന്നതാണെന്ന കാര്യം അവർ മനസിലാക്കുന്നില്ല. ഉച്ചനീചത്വങ്ങൾക്കോ ജാതി വിവേചനത്തിനോ ഹിന്ദു സമൂഹത്തിൽ സ്ഥാനമില്ല. ഐക്യം മാത്രമല്ല എല്ലാ വിഭാഗങ്ങളുടേയും സുരക്ഷയും അന്തസും സംരക്ഷിക്കുന്നതാണ് ഹിന്ദു മുന്നേറ്റം. സ്ത്രീകൾക്ക് ഏറ്റവുമധികം ബഹുമാനം കൊടുക്കുന്നതാണ് ഹിന്ദു സംസ്‌കാരം. ഹിന്ദു സമൂഹത്തിന്റെ മുഖ്യധാരയിലും മുൻ നിരയിലുമാണ് സ്ത്രീകൾക്ക് സ്ഥാനം.’- രാം മാധവ് വ്യക്തമാക്കി.
ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ സംസാരിച്ചാൽ അതെങ്ങിനെയാണ് ഇസ്ലാമോഫോബിയ ആകുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ഇസ്ലാമിക ഭീകരത മാത്രമല്ല കമ്യൂണിസ്റ്റ് ആശയങ്ങളും ഭാരതത്തിന്റെ അഖണ്ഡതയ്‌ക്കു നേരെയുള്ള വെല്ലുവിളിയാണ്. ശ്രീശങ്കരനെയും ശ്രീനാരായണ ഗുരുദേവനെയും സ്വാമി ചിന്മയാനന്ദനെയും മാതാ അമൃതാനന്ദമയിയെയും സംഭാവന നല്കിയത് കേരളമാണ്. അവർ തെളിച്ചിട്ട വഴിയിൽ കൂടിയാണ് ഹിന്ദു ഐക്യവേദി സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments