തിരുവനന്തപുരം: ഇഫ്താർ വിരുന്ന് വിവാദത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ പരാതിക്കാരൻ നൽകിയ റിവ്യൂ ഹർജി ലോകായുക്ത ഇന്ന് പരിഗണിക്കും. വിധി ഫുൾബെഞ്ചിന് വിട്ട നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതിക്കാരനായ ആർ.എസ്. ശശി കുമാർ ഹർജി നൽകിയിരിക്കുന്നത്. ഇന്നലെ ഹർജി പരിഗണിക്കാനിരുന്നെങ്കിലും പരാതിക്കാരന്റെ അഭിഭാഷകന്റെ അസൗകര്യം ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
പരാതിക്കാരനെതിരെ രൂക്ഷവിമർശനമാണ് ലോകായുക്ത കഴിഞ്ഞ ദിവസം നടത്തിയത്. ശശികുമാർ ജഡ്ജിമാരെ അപകീർത്തിപ്പെടുത്താൻ നടക്കുകയാണെന്ന് ഉപലോകായുക്ത ജസ്റ്റീസ് ഹാറൂൺ റഷീദ് കുറ്റപ്പെടുത്തി. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ശശികുമാറിനെ വിമർശിച്ചിരുന്നു. മുഖ്യമന്ത്രി നടത്തിയ ജഡ്ജിമാർ പങ്കെടുക്കുന്നതിനെതിരെ പരാതിക്കാരനായ ശശികുമാർ അടക്കം വലിയ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഇതാണ് ലോകായുക്ത ന്യായാധിപന്മാരെ ചൊടിപ്പിച്ചത്.
അതേസമയം ലോകായുക്തയെ അല്ല വിധിയെ ആണ് വിമർശിച്ചതെന്ന് പറഞ്ഞ പരാതിക്കാരൻ ആർഎസ് ശശികുമാർ ഈ ബഞ്ചിൽ നിന്ന് അനൂകൂല വിധി പ്രതീക്ഷിക്കുന്നില്ലെന്ന് ആവർത്തിച്ചു. ഇന്ന് 12 മണിക്ക് ഹർജി വീണ്ടും ലോകായുക്ത പരിഗണിക്കും. ശേഷം ഹൈക്കോടതിയെ തന്നെ സമീപിക്കാനാണ് പരാതിക്കാരന്റെ നീക്കം.
Comments