പത്തനംതിട്ട: ശബരിമലയിൽ വിഷുക്കണി ദർശിക്കാൻ വൻ ഭക്തജനത്തിരക്ക്. വിഷുദിനത്തിൽ പുലർച്ചെ 4 മണിക്കാണ് ശബരിമല ക്ഷേത്രനട തുറന്നത്. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്നു.
തുടർന്ന് ശ്രീകോവിലിനുള്ളിലെ വിളക്കുകൾ തെളിയിച്ച് അയ്യപ്പസ്വാമിയെ വിഷുക്കണി കാണിച്ചു. ശേഷം ഭക്തർക്ക് വിഷുക്കണി ദർശനത്തിന് അവസരമൊരുക്കി. 4 മണി മുതൽ 7 മണി വരെയായിരുന്നു വിഷുക്കണി ദർശനം. ക്ഷേത്ര തന്ത്രിയും മേൽശാന്തിയും അയ്യപ്പഭക്തർക്ക് വിഷു കൈനീട്ടവും നൽകി. 4.30-ന് മഹാഗണപതി ഹോമവും നടന്നു. 7.30-ന് ഉഷപൂജയും 8 മണി മുതൽ 11-30 വരെ നെയ്യഭിഷേകവും നടന്നു.
ദേവസ്വം ബോർഡ് അദ്ധ്യക്ഷൻ അഡ്വ.കെ.അനന്തഗോപൻ, ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ്, ചീഫ് എഞ്ചീനിയർ അജിത്ത് കുമാർ, ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ്, എന്നിവർ വിഷുക്കണി ദർശനത്തിനായി ശബരിമലയിൽ എത്തിയിരുന്നു.
Comments