ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ഇഡിക്കും സിബിഐയ്ക്കുമെതിരെ കേസ് ഫയൽ ചെയ്യുമെന്ന കെജ്രിവാളിന്റെ പരാമർശത്തിലാണ് കേന്ദ്രമന്ത്രി വിമർശനമറിയിച്ചത്. ഡൽഹി മുഖ്യമന്ത്രി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാൽ, കോടതിക്കെതിരെയും കെജ്രിവാൾ കേസ് കൊടുക്കുമോയെന്ന് കിരൺ റിജിജു ചോദിച്ചു.
നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ”നിങ്ങൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാൽ ബഹുമാനപ്പെട്ട കോടതിക്കെതിരെയും നിങ്ങൾ കേസ് കൊടുക്കുമെന്ന് പരാമർശിക്കാൻ മറന്നുപോയതാണോ? നിയമം അതിന്റെ വഴിക്ക് പോകട്ടെ, നാം നിയമവാഴ്ചയിൽ വിശ്വസിച്ചേ മതിയാകൂ. ” കിരൺ റിജിജു പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തെറ്റായ തെളിവുകൾ കോടതിയിൽ സമർപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ കേസ് നൽകുമെന്ന് അറിയിച്ചത്.
അതേസമയം മദ്യനയവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന്റെ ഭാഗമായി കെജ്രിവാളിന് സമൻസ് ലഭിച്ചിരുന്നു. തുടർന്ന് ഏപ്രിൽ 16ന് സിബിഐയ്ക്ക് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. മദ്യനയ അന്വേഷണത്തിൽ ആംആദ്മി സർക്കാരിനെതിരെ കേന്ദ്ര ഏജൻസികൾ കോടതിയിൽ കള്ളം പറയുകയാണെന്നും അറസ്റ്റിലായവരെ പീഡിപ്പിക്കുകയാണെന്നുമാണ് കെജ്രിവാളിന്റെ വാദം. മനീഷ് സിസോദിയയ്ക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്നും അരവിന്ദ് കെജ്രിവാൾ ആരോപിച്ചു.
Comments