തിരുവനന്തപുരം: കേരളത്തിൽ കെ റെയിൽ വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വന്ദേഭാരത് കെ റെയിലിന് പകരമാകില്ല. കേരളം മുഴുവൻ ഒരു നഗരമാക്കുക എന്നതാണ് കെ റെയിലിന്റെ കാഴ്ചപ്പാട്. ഇന്നല്ലെങ്കിൽ നാളെ കെ റെയിൽ കേരളത്തിൽ വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. താൻ ഉന്നയിച്ച അപ്പം വിഷയിൽ ഉറച്ചു നിൽക്കുന്നുവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. വന്ദേഭാരതിൽ അപ്പം കൊണ്ടു പോയാൽ കേടാകും, കെ റെയിൽ വന്നാൽ അപ്പം വേഗത്തിൽ വിൽക്കാം എന്നും എം.വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
‘കെ റെയിൽ വന്നാൽ കേരളം ഒരു വലിയ നഗരം ആകും. ഒറ്റ ദിവസം കൊണ്ട് കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ യാത്ര ചെയ്ത് തിരിച്ചു വരാം. കേരളം മുഴുവൻ ഒരൊറ്റ നഗരം, അതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. അതിന് എങ്ങനെ പകരമാവും വന്ദേഭാരത്. കെ റെയിലിനെ എന്ത് കാരണം വെച്ചിട്ടാണ് നിങ്ങൾ എതിർക്കുന്നത്. ഒരു കാരണവുമില്ലാതെയാണ് എതിർക്കുന്നത്. കെ റെയിലിൽ ഉറച്ചു തന്നെയാണ്. ഇന്നല്ലെങ്കിൽ നാളെ കെ റെയിൽ കേരളത്തിൽ വരും’.
‘ജനങ്ങൾക്ക് കെ റെയിൽ വരുന്നതിൽ ഒരു എതിർപ്പുമില്ല. എതിർപ്പ് മാദ്ധ്യമങ്ങൾക്കാണ്. ഞാൻ പ്രതിരോധ ജാഥ നടത്തി ജനങ്ങളോട് സംസാരിച്ചതാണ്. ആവേശകരമായിരുന്നു ജനങ്ങളുടെ പ്രതികരണം. ജനങ്ങൾ മനസ്സുകൊണ്ട് ഏറ്റെടുത്തു. വന്ദേഭാരത് വന്നാൽ അപ്പം പെട്ടന്ന് വിറ്റഴിക്കൂല. ആരെലും അപ്പം എന്നു പറഞ്ഞാൽ അത് എനിക്ക് എതിരാകുമോ. കെ റെയിൽ വന്നാൽ അപ്പം വേഗത്തിൽ വിൽക്കാം എന്ന് പറഞ്ഞതിൽ ഞാൻ ഉറച്ചു നിൽക്കുന്നു. വന്ദേഭാരതിൽ അപ്പം കൊണ്ടുപോയാൽ കേടാകുമെന്ന് ഉറപ്പല്ലേ. വന്ദേഭാരതിൽ അപ്പം കൊണ്ടു പോയി വിൽക്കണമെങ്കിൽ രണ്ട് ദിവസം എടുക്കും. ആ സമയം കൊണ്ട് അപ്പം കേടാകും’- എന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
Comments