ന്യൂഡൽഹി: 2023-ലെ അഗ്നിവീർ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ പരീക്ഷ ആരംഭിച്ചു. ഇന്ത്യൻ ആർമിയുടെ ആദ്യത്തെ ഓൺലൈൻ കോമൺ എൻട്രൻസ് പരീക്ഷയാണ് ആരംഭിച്ചിത്. ഏപ്രിൽ 17 മുതൽ 26 വരെ പരീക്ഷ തുടരും. രാജ്യത്തെ 176 ഇടങ്ങളിലായി 375 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള എജ്യുക്കേഷൻ കൺസൾട്ടൻസി സർവീസസ് ഇന്ത്യ ലിമിറ്റഡിന്റെ സഹായത്തോടെയാണ് ഓൺലൈൻ പരീക്ഷകൾ നടത്തുന്നത്.
സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നതിനും ഡിജിറ്റൽ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് പരീക്ഷ ഓൺലൈനായി നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തുടനീളം സാങ്കേതികവിദ്യ വളർത്തുന്നതിനും റിക്രൂട്ട്മെന്റ റാലിയിൽ പങ്കെടുക്കുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ഓൺലൈൻ വഴി സാധിക്കുമെന്ന് ഇന്ത്യൻ ആർമി വൃത്തങ്ങൾ പറഞ്ഞു.
പുതിയ നിയമന പ്രക്രിയയിൽ മൂന്ന് ഘട്ടങ്ങളുണ്ടാകും. ഓൺലൈനായി അപേക്ഷിച്ച എല്ലാവരും ആദ്യ ഘട്ടത്തിൽ ഓൺലൈൻ കോമൺ എൻട്രൻസ് പരീക്ഷ എഴുതും. രണ്ടാംഘട്ടത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അതത് ആർമി റിക്രൂട്ടിംഗ് ഓഫീസ് തീരുമാനിക്കുന്ന സ്ഥലങ്ങളിൽ റിക്രൂട്ടിംഗ് റാലികളിലേക്ക് വിളിക്കും. റാലിയ്ക്ക് ശേഷം ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റും നടത്തും. അവസാന ഘട്ടത്തിൽ തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികളെ മെഡിക്കൽ ടെസ്റ്റിന് വിധേയരാക്കും. വിജയിച്ച ഉദ്യോഗാർഥികളെ അവസാന മെരിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി ഔദ്യോഗികമായി പ്രഖ്യാപിക്കും.
Comments