അമൃത്സർ: ഖലിസ്ഥാൻവാദി സംഘടന ‘വാരിസ് പഞ്ചാബ് ദെ’ തലവൻ അമൃത്പാൽ സിംഗ് പിടിയിലായത് സ്ഥിരീകരിച്ച് പഞ്ചാബ് പോലീസ്. അമൃത്പാലിനെ പഞ്ചാബിലെ മോഗ പോലീസ് സ്‌റ്റേഷനിൽ പിടികൂടി എത്തിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വാർത്ത സ്ഥിരീകരിച്ചിരിക്കുകയാണ് പഞ്ചാബ് പോലീസ്.
സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്. മുൻ കാലങ്ങളിൽ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പോലീസ് സ്‌റ്റേഷനുകൾക്കും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് പഞ്ചാബ് പോലീസ്.
മാർച്ച് 18 നാണ് അമൃത്പാലും കൂട്ടാളികളും ഒളിവിൽ പോകുന്നത്. പിന്നാലെ സഹായികളെ ഉൾപ്പെടെ പിടികൂടിയെങ്കിലും അമൃത്പാലിനെ അറസ്റ്റുചെയ്യാൻ പഞ്ചാബ് പോലീസിന് കഴിഞ്ഞിരുന്നില്ല. അമൃത്പാൽ കീഴടങ്ങുമെന്നും ഇതിനായി നിബന്ധകൾ മുന്നോട്ടുവെച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ താൻ കീഴടങ്ങില്ലെന്ന് അറിയിച്ച് അമൃത്പാൽ വീഡിയോ പുറത്തിറക്കുകയായിരുന്നു. തന്നെ ഉപദ്രവിക്കാൻ ആർക്കുമാകില്ലെന്നും അറസ്റ്റിനെ ഭയക്കുന്നില്ലെന്നും അമൃത്പാൽ വീഡിയോയിൽ വ്യക്തമാക്കി.
മഫ്തിയിലുള്ള പോലീസുകാർക്കൊപ്പം അമൃത്പാൽ കാറിൽ ഇരിക്കുന്ന ഫോട്ടോകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അമൃത്പാലിനെ അസമിലേക്ക് മാറ്റുമെന്നാണ് ലഭിക്കുന്ന വിവരം.















