കൊൽക്കത്ത: ക്ലാസ്മുറിക്കുള്ളിലേക്ക് തോക്കുമായി കയറി വന്ന യുവാവിനെ പോലീസ് പിടികൂടി. തോക്കുമായെത്തി കുട്ടികളെ ബന്ദികളാക്കാൻ ശ്രമിച്ച സംഭവത്തിലാണ് യുവാവ് അറസ്റ്റിലായത്. പശ്ചിമ ബംഗാളിലെ മാൽഡയിലുള്ള മുച്ചിയാ ഛന്ദ് കോളേജിലായിരുന്നു വിദ്യാർത്ഥികളെ ഭയപ്പെടുത്തിയ സംഭവം.
തോക്കുമായി ക്ലാസിലേക്ക് വന്ന യുവാവ് കസേരയിൽ ഇരിക്കുകയും ന്യൂസ് പേപ്പർ വായിക്കുകയും ചെയ്തു. കയ്യിലെ തോക്ക് കണ്ട് ഭയന്ന വിദ്യാർത്ഥികൾ ഉടൻ തന്നെ അദ്ധ്യാപകരെ വിവരമറിയിക്കുകയും സ്കൂൾ അധികൃതർ പോലീസിനെ വിളിച്ചുവരുത്തുകയുമായിരുന്നു. പ്രതിയുടെ പക്കൽ നിന്ന് പെട്രോൾ ബോംബുകൾ ഉൾപ്പെടെ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. യുവാവിന്റെ മാനസിക നില തകരാറിലാണെന്നാണ് പ്രാഥമിക നിഗമനം.
തന്റെ ഭാര്യ മകനുമായി കടന്നുകളഞ്ഞുവെന്നും ഇക്കാര്യം പോലീസിനെ അറിയിച്ചെങ്കിലും പരാതി പരിഗണിച്ചില്ലെന്നുമാണ് യുവാവിന്റെ വാദം. പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടിയാണ് സ്കൂളിലെത്തി നാടകീയ രംഗങ്ങൾ സൃഷ്ടിച്ചതെന്നും അയാൾ മൊഴി നൽകി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments