പത്തനംതിട്ട: ശബരിമലയില്‍ വെർച്വൽ ക്യൂ വഴി വഴിപാടുകളും ബുക്ക് ചെയ്യുന്നതിനുള്ള അവസരം ഒരുങ്ങുന്നു. ദർശനത്തിന് ബുക്ക് ചെയ്യുന്നതിനൊപ്പമാണ്പുതിയ സംവിധാനമൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങൾ ദേവസ്വം ബോർഡ് ആരംഭിച്ചു. മാസപൂജയ്ക്ക് ഉൾപ്പെടെ ശബരിമലയിൽ ദർശനത്തിനായി വെർച്വൽ ക്യൂ പാസ് നിർബന്ധമാക്കിയതിന് പിന്നാലെയാണ് തുടർ നടപടി. പ്രസാദങ്ങളായ അരവണ, അപ്പം, മഞ്ഞൾ, കുങ്കുമം, വിഭൂതി എന്നിവ മാത്രമാണ് നിലവിൽ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാൻ സാധിക്കൂ.
ദേവസ്വം ബോർഡിന്റെ onlinetdb.com എന്ന വെബ്സൈറ്റിലൂടെ നിലവിൽ വഴിപാടുകൾ ബുക്ക് ചെയ്യാൻ സാധിക്കും. സന്നിധാനത്ത് താമസിക്കുന്നതിനുള്ള മുറികൾ ബുക്ക് ചെയ്യുന്നതും ഇത്തരത്തിലാണ്. എന്നാൽ ഇവ വെർച്വൽ ക്യൂ വഴിയാക്കുകയാണെങ്കിൽ തടസമില്ലാതെ ബുക്കിംഗ് നടത്താനാകുമെന്നാണ് പ്രതീക്ഷ.
ടാറ്റാ കൺസൾട്ടൻസി വഴിയാണ് ദേവസ്വം ബോർഡ് വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്. നേരത്തെ പോലീസിന് വേണ്ടി തയാറാക്കിയ സംവിധാനം ബോർഡിന് കൈമാറുകയായിരുന്നു. വെർച്വൽ ക്യൂ ബുക്ക് ചെയ്യാൻ കഴിയാത്തവർക്കായി നിലയ്ക്കൽ പമ്പ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സൗകര്യവുമുണ്ട്.
Comments