നടിയും മോഡലുമായ ജിയാ ഖാൻ ആത്മഹത്യ ചെയ്ത കേസിൽ ഒരു ദശാബ്ദത്തിന് ശേഷം വിധി. കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന സൂരജ് പാഞ്ചോളിയെ കുറ്റവിമുക്തനാക്കി. മുംബൈ സ്പെഷൽ സിബിഐ കോടതിയുടേതാണ് വിധി. തെളിവുകളുടെ അഭാവത്തിലാണ് സൂരജിനെ കോടതി വെറുതെ വിട്ടത്. നടി കൂടിയായ മാതാവ് സെറീന വഹാബിനൊപ്പമാണ് സൂരജ് കോടതിയിലെത്തിയത്.
ബോളിവുഡ് ദമ്പതികളായ ആദിത്യ പാഞ്ചോളിയുടെയും സെറീന വഹാബിന്റെയും മകനാണ് സൂരജ് പാഞ്ചോളി. ‘നിശ്ശബ്ദ്’ എന്ന ചിത്രത്തിൽ അമിതാഭ് ബച്ചന്റെ നായികയായി ശ്രദ്ധ നേടിയ ജിയാ ഖാനെ 2013 ജൂൺ നാലിനാണ് മുംബൈ ജുഹുവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നടിയുമായി അടുപ്പത്തിലായിരുന്നു സൂരജ്. ഇവർ തമ്മിൽ അകന്നതിനെ തുടർന്ന് ജിയാ ഖാൻ നിരാശയിലായിരുന്നു.
ജിയാ ഖാൻ എഴുതിയ ആറു പേജുള്ള ആത്മഹത്യാ കുറുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനെ തുടർന്നാണ് സംവിധാന സഹായി കൂടിയായ സൂരജ് പാഞ്ചോളിക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. എന്നാൽ പിന്നീട് ഹൈക്കോടതി സൂരജിന് ജാമ്യം അനുവദിച്ചിച്ചു. പൊലീസിനു ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ സൂരജുമായുള്ള അടുപ്പവും പിന്നീട് അകന്നതിനുശേഷമുള്ള ശാരീരിക – മാനസിക പീഡനകഥകളും വിവരിക്കുന്നുണ്ട്.
ജിയാ ഖാന്റെ മരണം കൊലപാതകമല്ല ആത്മഹത്യയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സൂരജ് പഞ്ചോളിക്കെതിരെ സിബിഐ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്. കേസ് ആദ്യം അന്വേഷിച്ച മുംബൈ പൊലീസ് ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്തിയെങ്കിലും മകളുടെ മരണം കൊലപാതകമാണെന്നു പരാതിപ്പെട്ട് ജിയയുടെ അമ്മ റാബിയ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ, ആത്മഹത്യതന്നെയെന്നു സിബിഐയും സ്ഥിരീകരിക്കുകയായിരുന്നു.















