സൈബർ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലൊരുങ്ങിയ ബൈനറി ഈ മാസം 12-ന് പ്രേക്ഷകരിലെത്തും. വ്യക്തി ജീവിതത്തെയും കുടുംബ ജീവിതത്തെയും രാജ്യതാൽപര്യങ്ങളെ വരെ അപകടത്തിലാക്കുന്ന സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടമാണ് ചിത്രം പറഞ്ഞുവെക്കുന്നത്. ജോയ് മാത്യു, സിജോയ് വർഗീസ്, കൈലാഷ്, മാമുക്കോയ, അനീഷ് രവി ,അനീഷ് ജി മേനോൻ, നവാസ് വള്ളിക്കുന്ന്, നിർമൽ പാലാഴി, കുട്ടിക്കൽ ജയചന്ദ്രൻ , രാജേഷ് മല്ലാരക്കണ്ടി, കെ.പി സുരേഷ് കുമാർ , പ്രണവ് മോഹൻ ,ജോഹർ കാനേഷ്, കീർത്തി ആചാരി, സീതു ലക്ഷ്മി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
വോക് മീഡിയയുടെ ബാനറിൽ രാജേഷ് ബാബു കെ ശൂരനാട്, മിറാജ് മുഹമ്മദ് എന്നിവർ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡോ ജാസിക് അലിയാണ്. സംഗീത സാന്ദ്രമായ സിനിമയിലെ ഇതിനകം പുറത്തിറങ്ങിയ മൂന്ന് ഗാനങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പികെ ഗോപി എഴുതി രാജേഷ് ബാബു കെ സംഗീതം പകർന്ന് ഹരി ചരൺ ആലപിച്ച പോരു മഴ മേഘമേ എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. പി സി മുരളീധരന്റെ വരികൾക്ക് രാജേഷ് ബാബു തന്നെ ഈണം പകർന്ന് രഞ്ജിനി ജോസും അനസ് ഷാജഹാനും ചേർന്നാലപിച്ച ഗാനവും വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അർജുനൻ മാസ്റ്റർ ഈണം നൽകിയ ഗാനം പത്ത് ലക്ഷത്തിലധികം പ്രേക്ഷകർ ഇതിനകം കണ്ടു കഴിഞ്ഞു. അർജുനൻ മാസ്റ്റർ അവസാനമായി സംഗീതം പകർന്ന ഗാനം എന്ന പ്രത്യേകതയുമുണ്ട്. പി.കെ ഗോപിയുടേതാണ് വരികൾ . ആലാപനം പി.കെ സുനിൽ കുമാർ . സിനിമയുടെ ട്രെയിലറിനും ടീസറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലെത്തിയ മാമുക്കോയയുടെ സ്മരണാർത്ഥം അണിയറ പ്രവർത്തകർ പുറത്തിറക്കിയ സ്‌നീക്ക് പീ ക്കും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു.















