യാത്ര പോകുന്നതിന് മുന്‍പ് തന്നെ നമ്മള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും യാത്ര മുടങ്ങാൻ സാധ്യത ഏറെയാണ്. എന്തൊക്കെ കാര്യങ്ങളാണ് ഒരു യാത്രയ്‌ക്ക മുമ്പ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.
യാത്രക്ക് കൊണ്ടുപോകേണ്ട സാധനങ്ങളുടെ ലിസ്റ്റ് നേരത്തെ തയ്യാറാക്കുക. പാക്ക് ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പ് എപ്പോഴും ഒരു ലിസ്റ്റ് ഉണ്ടാക്കുന്നത് തടസ്സങ്ങളില്ലാതെ പായ്‌ക്ക് ചെയ്യാനും യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ കൊണ്ടുപോകേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ മറക്കാതിരിക്കാനും സഹായിക്കും. സുപ്രധാനമായ ഡോക്യുമെന്റുകള്‍ (പാസ്‌പോര്‍ട്ട്, തിരിച്ചറിയല്‍ രേഖ, ടിക്കറ്റ്) തുടങ്ങിയവയുടെ പകര്‍പ്പുകള്‍ കൈവശമുണ്ടെന്ന് ഉറപ്പാക്കുക. മാത്രമല്ല ഇത് ഭദ്രമായി സൂക്ഷിച്ച് വെക്കാനും സാധിക്കണം. ഇല്ലെങ്കിൽ യാത്ര മുടങ്ങാൻ സാധ്യതയുണ്ട്.
ബാഗില്‍ വസ്ത്രങ്ങള്‍ നന്നായി അടുക്കി പായ്‌ക്ക് ചെയ്യുക. അവസാനത്തില്‍ നിങ്ങള്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍ ചുവടെയും പെട്ടെന്ന് ആവശ്യമുള്ള വസ്ത്രങ്ങള്‍ മുകളിലുമായി പായ്‌ക്ക് ചെയ്യുക. മടക്ക യാത്രയില്‍ സാധനങ്ങള്‍ കൊണ്ടുവരാനുള്ള സ്‌പേസും ബാഗില്‍ കരുതുന്നത് തിരിച്ചുവരവ് കൂടുതല്‍ സുഖകരമാക്കും. കൂടുതല്‍ ക്യാരി ബാഗുകള്‍ കൊണ്ടുനടക്കുന്നതിന് പകരം ഇത് ചെയ്യുന്നത് നന്നായിരിക്കും. വ്യത്യസ്ത എയര്‍ലൈനുകള്‍ക്ക് വ്യത്യസ്ത ബാഗേജ് പോളിസികളുണ്ട്. അധിക ലഗേജ് ഫീസ് നല്‍കാതിരിക്കാന്‍ പാക്കിംഗ് ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ എയര്‍ലൈനിന്റെ ബാഗേജ് പോളിസി ക്രോസ്-ചെക്ക് ചെയ്യാൻ മറക്കരുത്.
യാത്ര ചെയ്യുന്ന സ്ഥലത്തെ കുറിച്ചും അവിടത്തെ കാലാവസ്ഥയെ കുറിച്ചും നേരത്തെ അറിഞ്ഞിരിക്കണം. ഇത് നിങ്ങളുടെ ഭക്ഷണം, ആരോഗ്യപരിപാലനം എന്നിവയെ ഏറെ സഹായിക്കും. മരുന്നുകള്‍ കഴിക്കുന്നവര്‍ മരുന്നും ഡോക്ടറുടെ കുറിപ്പടിയും കരുതുന്നത് നന്നായിരിക്കും. യാത്രക്കിടയിലും നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ബോധവാന്മാരായിരിക്കണം.














