ആധാർ കാർഡ് ഇല്ലാതെ ഒരു കാര്യവും സാധിക്കാത്ത കാലത്താണ് നാം ജീവിക്കുന്നത്. വിവിധ ആവശ്യങ്ങൾക്ക് ചെല്ലുമ്പോൾ ആകും ആധാർ അപ്ഡേറ്റ് ചെയ്തിട്ടില്ല, ജന്മദിനം രേഖപ്പെടുത്തിയിട്ടില്ല…എന്നിങ്ങനെ നാം വിട്ട് പോയ പല കാര്യങ്ങളും കണ്ടെത്തുന്നത്. പിന്നെ ഇത് പുതുക്കാനായി അക്ഷയ കേന്ദ്രങ്ങളിൽ കയറി ഇറങ്ങി നടക്കണം. എങ്കിൽ ഇനി നിങ്ങൾക്ക് സ്വന്തമായി ആധാർ കാർഡ് പുതുക്കാവുന്നതാണ്!
ഓൺലൈൻ വഴി ജൂൺ 14 വരെ പുതുക്കുന്നതിനുള്ള സൗകര്യമാണ് യുഐഡിഎ ഏർപ്പെടുത്തിയിരിക്കുന്നത്. https://uidai.gov.in/en/ എന്ന വെബ് സൈറ്റ് വഴി ആധാർ പുതുക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഇതുവരെ അപ്ഡേഷൻ ഒന്നും ചെയ്തിട്ടില്ലാത്ത കാർഡുകൾ തിരിച്ചറിയൽ രേഖകൾ, മേൽവിലാസ രേഖകൾ എന്നിവ വെബ്സൈറ്റിൽ സൗജന്യമായി അപ്ലോഡ് ചെയ്യാം. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമാണ് ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ കഴിയൂ. അക്ഷയ, ആധാർ കേന്ദ്രങ്ങൾ വഴി ഈ സേവനം ലഭ്യമാകുന്നതിന് 50 രൂപ ഫീസ് നൽകണം.
സേവനങ്ങൾ വേഗത്തിലാക്കാൻ മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ നിർബന്ധമായും നൽകണം. കുട്ടികളുടെ ആധാർ കാർഡ് പുതുക്കുന്നതിൽ രണ്ട് വർഷം വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. അഞ്ചാം വയസിലും 15-ാം വയസിലും പുതുക്കണം. ഇത് ഏഴും 17-ഉം വയസുവരെ സൗജന്യമായി ചെയ്യാവുന്നതാണ്.
Comments