മുംബൈ: രാജ്യത്ത് സ്വർണ വില റെക്കോഡ് ഭേദിച്ച് മുന്നേറുമ്പോൾ സ്വർണത്തിന്റെ ആവശ്യകത കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ. 2023 മാർച്ച് പാദത്തിൽ സ്വർണത്തിന്റെ ഡിമാൻഡ് 112 ടണ്ണാണ്. പതിനേഴ് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022ൽ ഇതേ സമയം 135 ടൺ ആയിരുന്നു ഡിമാൻഡ്. 2020 ലെ കോവിഡ് കാലയളവ് മാറ്റി നിർത്തിയാൽ ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ ഡിമാൻഡാണിത്. മൂല്യമടിസ്ഥാനത്തിൽ സ്വർണ ഡിമാൻഡ് ഒമ്പത് ശതമാനം ഇടിഞ്ഞ് 56,220 കോടി രൂപയായി കുറഞ്ഞു.
സ്വർണ ആഭരണ വിപണിയിലും ഡിമാൻഡ് കുറവാണ്. ആഭരണങ്ങൾക്കുള്ള ഡിമാൻഡും ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്. ആഭരണ ഡിമാൻഡ് മുൻ വർഷത്തെ 94 ടണ്ണിൽ നിന്ന് 78 ടൺ ആയി കുറഞ്ഞു. മുൻവർഷം ഇതേ കാലയളവിൽ 428 കോടി രൂപയുടെ വിൽപ്പനയുണ്ടായിരുന്നത് 390 കോടി രൂപയായി. നിക്ഷേപമായി സ്വർണം വാങ്ങുന്നതിലും കുറവു വന്നു. കഴിഞ്ഞ വർഷം 41 ടൺ സ്വർണം നിക്ഷേപിച്ച സ്ഥാനത്ത് മാർച്ച് പാദത്തിൽ 34 ടൺ മാത്രമാണ് നിക്ഷേപത്തിനായി വാങ്ങിയത്.
രാജ്യത്തിന് സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാൻ റിസർവ് ബാങ്ക് സ്വർണം വാങ്ങുന്നത് തുടരുകയാണ്. കഴിഞ്ഞ അഞ്ചു വർഷമായി ആർ.ബി.ഐ സ്വർണ ശേഖരം ഉയർത്തുന്നുണ്ട്. സിംഗപ്പൂർ, ചൈന, തുർക്കി, റഷ്യ തുടങ്ങിയവയുടെ സെൻട്രൽ ബാങ്കുകൾക്കൊപ്പം ചേർന്ന് ഇന്ത്യ 796 ടൺ സ്വർണമാണ് ഇക്കാലയളവിൽ വാങ്ങിയത്.
Comments