മുംബൈ : തന്റെ പേരിൽ വ്യാജപരസ്യം പ്രചരിക്കുന്നതിനെതിരെ മുംബൈ പോലീസിൽ പരാതി നൽകി മുൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ. പല പരസ്യങ്ങളിലും അദ്ദേഹത്തിന്റെ ശബ്ദവും ഫോട്ടോയും പേരും ഉപയോഗിച്ചിട്ടുണ്ട് .
തന്റെ ശബ്ദവും ഫോട്ടോയും പേരും ആളുകളെ കബളിപ്പിക്കാൻ ഉപയോഗിക്കുകയാണെന്ന് സച്ചിൻ നൽകിയ പരാതിയിൽ പറഞ്ഞു. ഇതെല്ലാം ഇന്റർനെറ്റ് വഴിയാണ് നടക്കുന്നത്. ഇതേത്തുടർന്ന് അജ്ഞാതർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 426, 465, 500 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.
കഴിഞ്ഞ വർഷം നവംബറിൽ ബോളിവുഡ് നടൻ അമിതാഭ് ബച്ചനും തന്റെ ശബ്ദം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. അമിതാഭ് ബച്ചന്റെ വ്യക്തിത്വം കുറച്ചുകാലമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് അമിതാഭ് ബച്ചനു വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചിരുന്നു.
അമിതാഭിന്റെ പേരിൽ വാട്ട്സ്ആപ്പ് ലക്കി ഡ്രോ ഉൾപ്പെടെ നിരവധി പരസ്യങ്ങൾ വന്നിരുന്നു . ടി-ഷർട്ടുകൾ വിൽക്കുന്നതിനടക്കം അമിതാഭ് ബച്ചന്റെ ഫോട്ടോ ചേർത്തിട്ടുണ്ട്. ഗ്വാളിയോറിൽ നിന്നുള്ള പോസ്റ്റർ വിൽപ്പനക്കാരൻ അമിതാഭ് ബച്ചന്റെ ഫോട്ടോ പതിച്ച പോസ്റ്ററുകളും വിൽക്കുന്നുണ്ടായിരുന്നു.
പല കമ്പനികളും തന്റെ പേരും ഫോട്ടോയും ശബ്ദവും ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് അമിതാഭ് ബച്ചൻ പറഞ്ഞു. അതിനാൽ അനുമതിയില്ലാതെ തന്റെ വ്യക്തിത്വവും പബ്ലിസിറ്റിയും ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയിൽ ഹർജി നൽകിയത്.
Comments