മലയാള സിനിമയിൽ അപ്രതീക്ഷിത വിജയം നേടി പുതിയ ചരിത്രം കുറിച്ച ചിത്രമായിരുന്നു മാളികപ്പുറം. നടൻ ഉണ്ണി മുകുന്ദന്റെ കരിയറിലും വലിയ വിജയമായിരുന്നു ഈ ചിത്രം.ഒടിടി റിലീസിന് ശേഷവും തിയേറ്റർ പ്രദർശനം തുടർന്ന് 100 ദിവസങ്ങൾ പൂർത്തിയാക്കിയ മാളികപ്പുറം ചിത്രത്തിന്റെ വിജയാഘോഷം കഴിഞ്ഞദിവസം കൊച്ചിയിൽ നടന്നു. ഇപ്പോഴിതാ സിനിമയുടെ തിരക്കഥ പുസ്തക രൂപത്തിൽ പ്രകാശനം ചെയ്തിരിക്കുകയാണ്. ഇതുസംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പങ്കുവെച്ചു.
‘വലിയ ആഗ്രഹങ്ങളിൽ ഒന്ന് ഇന്നലെ കൊച്ചിയിൽ നടന്ന മാളികപ്പുറം സിനിമയുടെ വിജയാഘോഷത്തിൽ സാധിച്ചു… സിനിമയുടെ തിരക്കഥ പുസ്തക രൂപത്തിൽ പ്രകാശനം ചെയ്തു. ഇതിന് സഹായിച്ച ആന്റോ ചേട്ടനും വേണു സാറിനും പിന്നെ macbet പബ്ലിക്കേഷൻസിനും നന്ദി
#Malikappuram #script #booklover M A Shahanas’
എന്നാണ് അഭിലാഷ് പിള്ള ഫേസ്ബുക്കിൽ കുറിച്ചത്. പുസ്തകത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തിൽ ഒരു പ്രധാനവേഷം കൈകാര്യം ചെയ്ത രമേഷ് പിഷാരടിയും ഒരു കുറിപ്പ് പങ്കുവെച്ചു.
ഒടിടി റിലീസിന് ശേഷവും തിയേറ്റർ പ്രദർശനം തുടർന്ന് 100 ദിവസങ്ങൾ പൂർത്തിയാക്കിയ മാളികപ്പുറം.. ലാഭത്തിൽ നിന്നും ചെറുതല്ലാത്ത ഒരു വിഹിതം എല്ലാ സാങ്കേതിക പ്രവർത്തകർക്കും അഭിനേതാക്കൾക്കും വീതിച്ചു നൽകിയ നിർമാതാക്കൾ.. അതിമനോഹരങ്ങളായ അനുഭവങ്ങളിലൂടെയുള്ള ഒരു യാത്ര സമ്മാനിച്ച ഏവർക്കും നന്ദി
എന്നാണ് താരം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ചിത്രം 2022 ഡിസംബർ 22-നാണ് തിയറ്ററുകളിലെത്തിയത്. കല്ലുവെന്ന പെൺകുട്ടിയുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ കഥയാണ് ചിത്രം വരച്ചുകാട്ടിയത്. ചിത്രത്തിന്റെ ഏറ്റവും ആകർഷണമായി മാറിയത്. ഉണ്ണി മുകുന്ദന്റെ സ്‌ക്രീൻ പ്രസൻസാണ്. ഭക്തിയും ഫാന്റസിയും ഇഴചേർത്ത് ത്രില്ലർ മൂഡും കൂട്ടിയോജിപ്പിച്ച് ഒരുക്കിയ ചിത്രം ഫീൽ ഗുഡായി പ്രേക്ഷകരിലേക്ക് പതിപ്പിക്കാൻ യുവ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. നൈറ്റ് ഡ്രൈവ്, പത്താം വളവ് തുടങ്ങിയ ത്രില്ലർ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയാണ് ചിത്രത്തിനു രചന നിർവഹിച്ചിരിക്കുന്ന്. കുട്ടികളുടെയും പ്രായമുള്ളവരുടെയും വലിയ പിന്തുണയാണ് ചിത്രത്തിന്റെ വിജയമായി മാറുന്നത്.















