കൊച്ചി: കടവുഭാഗം ജൂതപ്പള്ളി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിലുണ്ടായ തീപിടിത്തത്തിൽ വീണ്ടും അന്വേഷണം നടത്താൻ പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് കോഡർ ഹൗസ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്യും. ജൂതപ്പള്ളിയിൽ തീയിട്ട കേസിൽ കസ്റ്റഡിയിലുള്ള എബിൻ ബി. പോളിനെ വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം ഒരുങ്ങുകയാണ്.
സെപ്റ്റംബർ 29നാണ് കോഡർ ഹൗസിൽ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ഒരു നില മുഴുവൻ കത്തിനശിച്ചിരുന്നു. 1880കളിൽ നിർമിച്ചതെന്ന് പറയപ്പെടുന്ന ചരിത്രപ്രാധാന്യമുള്ള ജൂത പൈതൃകകേന്ദ്രമാണ് കോഡർ ഹൗസ്. വിദേശികളടക്കം നിരവധി പ്രമുഖർ താമസത്തിനായി എത്തുന്ന ഇവിടെ തീപിടിത്തമുണ്ടായ സമയത്ത് ആരൊക്കെയുണ്ടായിരുന്നു, അതിന് മുമ്പ് ആരൊക്കെ സന്ദർശിച്ചിരുന്നു തുടങ്ങിയ കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.
ജൂതപ്പള്ളി ആക്രമണത്തിന് തീവ്രവാദ പശ്ചാത്തലമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കോഡർ ഹൗസ് തീപിടിത്തവും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തുന്നത്. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.
ജൂതപ്പള്ളിയിൽ തീയിട്ട കേസിലെ പ്രതിയായ എബിൻ പോൾ ‘ബോസ്’ എന്ന പേരിലുള്ള ടെലിഗ്രാം അക്കൗണ്ടുമായി എബിൻ നിരന്തരം ബന്ധപ്പെട്ടിരുന്നതായും ആക്രമണത്തിന് പ്രതിഫലമായി രണ്ട് ലക്ഷം രൂപ ക്രിപ്റ്റോകറൻസിയായി ലഭിച്ചതായും അന്വേഷണസംഘം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിക്കും.മുൻപ് സമാനമായ സംഭവങ്ങളിൽ പ്രതിക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.















