തിരുവനന്തപുരം: ഇനി മുതൽ ഡോക്ടർമാരുടെ വ്യക്തതയില്ലാത്ത കുറിപ്പടിയ്‌ക്ക് ആന്റിബയോട്ടിക്കുകൾ നൽകില്ലെന്ന തീരുമാനവുമായി ഔഷധ വ്യാപാരികളുടെ സംഘടനയായ ആൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ. സംഘടനയുടെ സുവർണ ജൂബിലി സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഡോക്ടർമാരുടെ വ്യക്തതയില്ലാത്ത കുറിപ്പടിയ്‌ക്ക് ആന്റിബയോട്ടിക്കുകൾ സംസ്ഥാനത്ത് വിൽപ്പന നടത്തില്ലെന്ന തീരുമാനം കർശനമായി നടപ്പിലാക്കാൻ മുഴുവൻ ഔഷധ വ്യാപാരികൾക്കും നിർദേശം നൽകിയതായും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
‘ആന്റിബയോട്ടിക്കുകൾ കുറയ്‌ക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന തന്നെ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുറിപ്പില്ലാതെ ആന്റി ബയോട്ടിക്കുകൾ വിതരണം ചെയ്യില്ലെന്നതല്ല തങ്ങളുടെ നയം. മറിച്ച് കുറിപ്പുകളിൽ വ്യക്തത വേണമെന്നാണ്. പല ഡോക്ടർമാരും കുറിപ്പുകൾ വ്യക്തതയില്ലാതെയാണ് നൽകുന്നത്. ഈ വിഷയത്തിൽ മെഡിക്കൽ മേഖലയിലെ വിവിധ സംഘടനകളുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടക്കും. ആന്റിബയോട്ടിക്ക് പ്രതിരോധത്തിന്റെ തോത് കുറയ്‌ക്കുവാനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകിക്കൊണ്ടാണ് തീരുമാനമെന്നും’ എന്നും ഭാരവാഹികൾ വ്യക്തമാക്കി.














