മലയാളത്തിന്റെ താരരാജാവിന്റെ പിറന്നാളാണ് ഇന്ന്. പൂർണത എന്നതിന് അപ്പുറം ഒരു വാക്കുണ്ടെങ്കിൽ അതാണ് മോഹൻലാൽ. മലയാളിയുടെ തീരാ പ്രണയമാണ് മോഹൻലാൽ. ഈ ഇതിഹാസ താരത്തിന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് സിനമാലോകവും അദ്ദേഹത്തിന്റെ ആരാധകരും. നിരവധി ആളുകളാണ് താരത്തിന് ആശംസ അറിയിച്ച് രംഗത്തെത്തുന്നത്. ഇപ്പോഴിതാാ പദ്മരാജന്റെ മകൻ അനന്തപത്മനാഭന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വെെറലാകുന്നത്. അമ്മ മകന്റെ സെറ്റിൽ വന്ന അപൂർവ്വ നിമിഷം എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.
അനന്തപത്മനാഭന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ
അമ്മ മകന്റെ സെറ്റിൽ വന്ന അപൂർവ്വ നിമിഷം….. 1977 ലാണ് വിശ്വനാഥൻ നായർ അങ്കിളിനെയും, ശാന്ത ആന്റിയെയും അച്ഛനും അമ്മയും പരിചയപ്പെടുന്നത്. ഞങ്ങളുടെ ബന്ധു , എം. ശേഖരൻ എന്ന ഉണ്ണി വല്യച്ഛന്റെ ജഗതിയിലുളള വീട്ടിൽ വെച്ച്. അദ്ദേഹം സെക്രട്ടേറിയറ്റ് ലോ സെക്രട്ടറി ആയിരുന്നു. വിശ്വനാഥൻ നായർ അങ്കിളിന്റെ സഹപ്രവർത്തകൻ. അന്ന് ലാലേട്ടൻ തുടങ്ങിയിട്ടില്ല. പിന്നെയുളള വർഷങ്ങളിൽ അമ്മയും ശാന്ത ആന്റിയും നല്ല പരിചയക്കാരായി , നല്ല കൂട്ടുകാരികളും. അന്ന് തൃശ്ശൂർ സെറ്റിൽ അമ്മയും വന്നത് കൊണ്ട് അവർക്ക് കഥ പറഞ്ഞിരിക്കാനായി. പൂജപ്പുര കഥകൾ. ഷോട്ടിനിടക്ക് ലാലേട്ടൻ വന്നു കുസൃതി പറഞ്ഞ് പോവും. ഒപ്പം അദ്ദേഹത്തിന്റെ അമ്മാവൻ രാധാകൃഷ്ണനും ഉണ്ട്. “തൂവാനത്തുമ്പി ” കളിലെ “മൂലക്കുരുവിന്റെ അസ്ക്യത ” എടുക്കുന്ന സമയം. അമ്മ വന്നതിന്റെ പ്രസന്നത മുഴുവനും ആ പ്രകടനത്തിൽ തോന്നിയിട്ടുണ്ട്.
ശാന്ത ആന്റിയും അമ്മയുമൊന്നും ഷോട്ട് കാണാനൊന്നും നിന്നില്ല. കോളേജിന്റെ ഇടനാഴിയിൽ ഇരുന്ന് കഥ പറച്ചിൽ . ” ലാലുവിന്റെ കല്യാണ ആലോചനകൾ ” തന്നെ വിഷയം. ഓർമ്മ ശരിയെങ്കിൽ ഏതോ ആലോചന സംബന്ധമായി വടക്കോട്ട് പോകുന്ന വഴി മദ്ധ്യേയാണ് അമ്മയും അമ്മാവനും ഇറങ്ങിയത്. “തൂവാനത്തുമ്പികൾ ” കഴിഞ്ഞ് അധികം താമസ്സിയാതെ വിവാഹവുമുറപ്പിച്ചു. ചിത്രത്തിൽ ലാലേട്ടനും ,ശാന്ത ആന്റിക്കും. രാധാകൃഷ്ണൻ സാറിനും ഒപ്പം അമ്മയും മാതുവും. പ്രായം തൊടാത്ത ഉന്മേഷത്തിന്, ഊർജ്ജം ചോരാത്ത മനസ്സിന്, ദീർഘായുസ്സ്. – എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
മോഹൻലാൽ – അനശ്വര കലാകാരൻ പദ്മരാജൻ കൂട്ടുകെട്ടിലെത്തിയ തൂവാനത്തുമ്പികൾ ആരും മറക്കാൻ ഇടയില്ല. മലയാള സിനിമയിലെ പ്രണയ സങ്കൽപ്പങ്ങൾ പൊളിച്ചെഴുതുകയായിരുന്നു തൂവാനത്തുമ്പികൾ. കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിച്ചത് പത്മരാജന്‍ തന്നെയായിരുന്നു. ‘ഗുഡ് ഈവനിംഗ് മിസിസ് പ്രഭാ നരേന്ദ്രൻ‘ തോള് ചരിച്ച് ആ ഡയലോഗ് പറഞ്ഞ വില്ലൻ പിന്നെ വെള്ളിത്തിരയിൽ കാട്ടിത്തന്ന അദ്ഭുതങ്ങൾ കണ്ണു ചിമ്മാതെ നോക്കിനിന്നവരാണ് നമ്മൾ മലയാളികൾ. അല്പം നാണത്തോടെ തമാശ പറയുന്ന, ചിരിച്ചു കൊണ്ട് കരയുന്ന ലാലേട്ടൻ മാനറിസങ്ങൾ പല ചിത്രങ്ങളിലും നമുക്ക് കാണാം. മലയാളിയുടെ വില്ലത്തരവും നര്‍മവും ഹീറോയിസവും നിഷ്‌കളങ്കതയും നിസ്സഹായതയും ശൃംഗാരവുമെല്ലാം പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് മോഹൻലാൽ എന്ന വിസ്മയം. എന്നാൽ ലാലേട്ടൻ എന്ന് പറഞ്ഞാൽ മീശ പിരിച്ചെത്തുന്ന തമ്പുരാനെയാണ് ഓർമ്മവരുന്നത്. തിയേറ്ററുകളെ ഇളക്കി മറിക്കുന്ന കുറിക്കു കൊള്ളുന്ന ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും മലയാളി പ്രേക്ഷകരെ അന്നും ഇന്നും ഹരംകൊള്ളിക്കുന്നു. ആ താരപ്രഭയ്‌ക്ക് പിറന്നാൾ ആശംസകൾ.















