കുമളി: പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്നും അരികൊമ്പൻ കുമളിക്ക് സമീപമെത്തി. ജിപിഎസ് കോളർ വഴിയുള്ള സിഗ്നൽ പ്രകാരമാണ് ആന കുമളിക്ക് സമീപം എത്തിയതായി കണ്ടെത്തിയത്. ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട കാട്ടാന തമിഴ്നാട്ടിലെ മേഘമലയിലേയ്‌ക്ക് പോയിരുന്നു. എന്നാൽ, പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് കഴിഞ്ഞ ദിവസം അരിക്കൊമ്പൻ തിരിച്ചെത്തി.
ആകാശദൂരം അനുസരിച്ച് അരിക്കൊമ്പൻ കുമളിക്ക് ആറു കിലോമീറ്റർ വരെ അടുത്തെത്തിയെന്നാണ് വിവരം. എന്നാൽ ആനയെ ഇറക്കിവിട്ട മേദകാനം ഭാഗത്തേക്കു തന്നെ മടങ്ങുകയും ചെയ്തിട്ടു. അരിക്കൊമ്പനിൽ ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽനിന്നുള്ള വിവരങ്ങൾ വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്. കുമളി വരെ എത്തിയ ആന ജനവാസ കേന്ദ്രത്തിലേയ്‌ക്ക് പ്രവേശിക്കാനുള്ള സാധ്യത ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ചുള്ള നിരീക്ഷണവും തുടരുകയാണ്.
പെരിയാറിലെ സീനിയർ ഓട എന്ന ഭാഗത്ത് അരിക്കൊമ്പൻ ഉള്ളതായി കണ്ടെത്തിയിരുന്നു. ആറു ദിവസം മുൻപാണ് തമിഴ്നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ ആന പ്രവേശിച്ചത്. വനപാലകർക്കുവേണ്ടി നിർമിച്ച ഷെഡ് മടങ്ങിയെത്തിയതിന് പിന്നാലെ അരിക്കൊമ്പൻ തകർക്കുയും ചെയ്തു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.















