തിരുവനന്തപുരം: കർണാടക സത്യപ്രതിജ്ഞയ്ക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിൽ പരാതിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. തമിഴ്നാട് മുഖ്യമന്ത്രിയായ സ്റ്റാലിനെ ക്ഷണിച്ചിട്ടും കേരള മുഖ്യമന്ത്രിയെ കോൺഗ്രസ് ക്ഷണിച്ചില്ല. അതിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണം. ബിജെപിയ്ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന കേരള മുഖ്യമന്ത്രിയെ ചടങ്ങിൽ ക്ഷണിക്കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ബിജെപിയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ആളാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തെ കർണാടക സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാത്തതിൽ കേരളത്തിലെ യുഡിഎഫിന് എന്താണ് പറയാനുള്ളത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ വരെ ക്ഷണിച്ചു. എന്നിട്ടും കേരള മുഖ്യമന്ത്രിയെ ക്ഷണിച്ചില്ല. തങ്ങളുടെ മുഖ്യശത്രു ബിജെപിയാണെന്ന് ബോർഡ് വെക്കേണ്ട ഗതികേടിലാണ് കോൺഗ്രസെന്നും റിയാസ് കുറ്റപ്പെടുത്തി.
മേയ് 20 നായിരുന്നു കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡികെ ശുവകുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ചടങ്ങിലേക്ക് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഗാർഖെ ക്ഷണിച്ചിരുന്നു. എന്നാൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ചടങ്ങിലേക്ക് ക്ഷണിച്ചില്ല. മുഖ്യമന്ത്രിമാരെ അല്ല, കക്ഷി നേതാക്കളെയാണ് ക്ഷണിച്ചതെന്നുമായിരുന്നു സംഭവം വിവാദമായതിന് പിന്നാലെ കോൺഗ്രസ് നൽകിയ മറുപടി.
Comments