മൺമറഞ്ഞു പോയ മനുഷ്യന്റെ ഭൂതകാലത്തെക്കുറിച്ച് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പഠിക്കുന്ന ശാസ്ത്രമേഖലയാണ് പുരാവസ്തുശാസ്ത്രം അഥവാ ആർക്കിയോളജി. സംസ്‌കാരങ്ങളുടെ അവശേഷിപ്പുകളെ കണ്ടെത്തുകയും പിന്നീട് ഖനനം ചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കുകയും അതിനെ പഠനവിധേയമാക്കുകയുമാണ് പുരാവസ്തുഗവേഷകർ ചെയ്യുന്നത്.
ജിയോളജി, കെമിസ്ട്രി കൂടാതെ ആർട്ട് വിഷയങ്ങളും ഈ പഠന മേഖലയിൽ പെടും. അതിന്റെ സ്‌പെഷലൈസേഷനിൽ നുമിസ്മാറ്റിക്‌സ്, എപിഗ്രാഫി എന്നിവയും ഉൾപെടുന്നു. ആർക്കിയോളജിസ്റ്റ് ആകുന്നതിന് മാസ്റ്റേഴ്‌സ് ഡിഗ്രി തലം വരേയും തുടർന്ന് എംഫിൽ അഥവാ പിച്ച്ഡി വരേയും ആ വിഷയം പഠിക്കണം.
ഒരു ആർക്കിയോളജിസ്റ്റ് ആകാനാണ് താത്പര്യമെങ്കിൽ പത്താം ക്ലാസിന്് ശേഷം ഇതിനായി ഒരുങ്ങാം. ചരിത്രം ഉൾപ്പെടുന്ന ഹ്യൂമാനിറ്റീസ് വിഷയങ്ങൾ പ്ലസ്ടുവിന് തെരഞ്ഞെടുക്കുക. ബിരുദ പഠനത്തിന് ആർക്കിയോളജിയിലോ ചരിത്രത്തിലോ ഡിഗ്രി കോഴ്‌സ് തെരഞ്ഞെടുക്കാം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിയോളജി-ന്യൂഡൽഹി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി- വാരണാസി,
മദ്രാസ് യൂണിവേഴ്‌സിറ്റി- ചെന്നൈ, മുംബൈ യൂണിവേഴ്‌സിറ്റി, നവ നളന്ദ മഹാവിഹാര – നളന്ദ, മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജ്, അലഹബാദ് സർവകലാശാല, കൊൽക്കത്ത സർവകലാശാല എന്നിവിടങ്ങളിൽ ഉന്നത് പഠനത്തിന് സൗകര്യമുണ്ട്.
ഈ രംഗത്തെ മുഖ്യ തൊഴിൽദാതാക്കൾ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ആർക്കിയോളജി വകുപ്പാണ്. ആർക്കിയോളജിസ്റ്റുകളായും അസിസ്റ്റന്റ് ആർക്കിയോളജിസ്റ്റുകളായും അവിടെ ജോലി ലഭിക്കും.
യുപിഎസിയും ബന്ധപ്പെട്ട സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുകളും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലേക്കുള്ള നിയമനങ്ങൾ നടത്തുന്നു.
ദേശീയ മ്യൂസിയങ്ങൾ, സംസ്ഥാന മ്യൂസിയങ്ങൾ, നാഷണൽ ട്രസ്റ്റ് ഓഫ് ആർട്ട് ആൻഡ് കൾച്ചറൽ ഹെരിറ്റേജ് എന്നിവിടങ്ങളിൽ ആർക്കിയോളജിസ്റ്റുമാർ, മ്യൂസോളജിസ്റ്റ്‌സ്, കുറേറ്റർമാർ, മറ്റ് സ്‌പെഷലിസ്റ്റുകൾ എന്നീവ ഈ പഠനം പൂർത്തിയാക്കിയവർക്കുള്ള അവസരങ്ങളാണ്.
ദീർഘദൂര യാത്രയും വിദൂരസ്ഥലങ്ങളിലെ പഠനങ്ങളും ചെയ്യാനുള്ള ക്ഷമാപൂർവമായ സമീപനം ഈ ജോലിക്ക് അത്യാവശ്യമാണ്. മുൻകാല ചരിത്രത്തിൽ താൽപര്യമുള്ളവർക്ക് ആർക്കിയോളജി പഠനം ആകർഷകമായിരിക്കും.















