കൊല്ലം: കൊട്ടാരക്കരയിൽ മണികണഠനാൽത്തറയിൽ മൂന്നുവിളക്കിന് സമീപം സ്ഥാപിച്ച കൊട്ടാരക്കര ശ്രീധരൻ
നായരുടെ പ്രതിമ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവ്. പ്രതിമ ഇവിടെ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി നിർദ്ദേശം. രണ്ടാഴ്ചക്കുള്ളിൽ പ്രതിമ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. ഇതേ തുടർന്ന് പ്രതിമ സ്ഥാപിക്കുന്നതിൽ നിന്ന് പിന്മാറുന്നതായി നഗരസഭയും കോടതിയെ അറിയിച്ചിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡും ഹിന്ദു ഐക്യവേദിയും നൽകിയ ഹർജിയിന്മേലാണ് നടപടി. മണികണ്ഠനാൽത്തറയും പരിസരവും ദേവസ്വം ഭൂമിയാണെന്നും അനുമതിയില്ലാതെയാണ് പ്രതിമ സ്ഥാപിച്ചതെന്നും വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്ന് പ്രതിമ ഇവിടെ നിന്നും നീക്കം ചെയ്യണമെന്നായിരുന്നു ദേവസ്വം ബോർഡിന്റെ ആവശ്യം. കേസിൽ ഹിന്ദു ഐക്യ വേദിയും കക്ഷി ചേർന്നിരുന്നു. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് നിലവിൽ തീർപ്പുകൽപ്പിക്കുന്നില്ലെന്നും പൊതു ഇടങ്ങളിലും വഴിയരികിലും പ്രതിമകൾ സ്ഥാപിക്കരുതെന്ന് മുൻപ് ഉത്തരവ് പുറത്തു വന്നിരുന്നു. ഇതിന് വിരുദ്ധമായാണ് നഗരസഭയുടെ നടപടിയെന്നും കോടതി ചൂണ്ടിക്കാട്ടി.
ചലച്ചിത്രതാരം കൊട്ടാരക്കര ശ്രീധരൻ നായരുടെ സ്മാരകം എന്ന നിലയിലാണ് നഗരസഭ പ്രതിമ നിർമ്മിച്ചത്. യാതൊരുവിധ കൂടിയാലോചനകൾക്കും മുതിരാതെ ഒരു രാത്രിയിൽ മണികണ്ഠനാൽത്തറയിൽ മൂന്നുവിളക്കിന് സമീപം പ്രതിമ സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഹിന്ദു ഐക്യവേദിയും ദേവസ്വം ബോർഡും പ്രതിഷേധമുയർത്തിയതോടെ പ്രതിമയുടെ അനാവരണം നടന്നില്ല. എന്നാൽ ആറ് മാസത്തിലധികമായി മൂടിപ്പൊതിഞ്ഞു കിടക്കുന്ന പ്രതിമ മറ്റെവിടെയേക്കെങ്കിലും മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും നഗരസഭ പരിഗണിച്ചില്ല. എന്നാൽ ഹൈക്കോടതി വിധി നഗരസഭയ്‌ക്ക് വലിയ തിരിച്ചടിയായി മാറുകയായിരുന്നു. ഇതോടെ കൊട്ടാരക്കരത്തമ്പുരാന്റെ പ്രതിമ നിർമ്മിക്കുന്നതിനുള്ള നീക്കവും വിവാദത്തിലായതിനാൽ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരികയായിരുന്നു.
Comments