ന്യൂഡൽഹി:കൗമാരാക്കാരുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കാൻ അമൃത് ജനറേഷൻ ക്യാമ്പയിനുമായി വനിത-ശിശു വികസന മന്ത്രാലയം. ക്യാമ്പയിന്റെ ഉദ്ഘാടനം കേന്ദ്ര വനിത ശിശു വികസ വകുപ്പ് മന്ത്രി സ്മൃതി ഇറാനി നിർവഹിച്ചു. മെറ്റ ഇന്ത്യയുമായി ചേർന്ന് നടത്തുന്ന ക്യാമ്പയിൻ 16-18 വയസ്സിനിടയിലുള്ള ഭാവി പൗരൻമാരെ ലക്ഷ്യമിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്.
”യുവജനങ്ങളാണ് നാളത്തെ ഇന്ത്യയുടെ ശിൽപികൾ. അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും അവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. അവരുടെ അഭിലാഷങ്ങളെ പ്രചോദിപ്പിക്കാനും പരിപോഷിപ്പിക്കാനും അമൃത് ജനറേഷൻ ക്യാമ്പയിൻ ലക്ഷ്യമിടുന്നു. ഈ അർത്ഥവത്തായ സംരംഭത്തിന് മെറ്റാ ഇന്ത്യയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ട് മന്ത്രി കൂട്ടിച്ചേർത്തു.
അമൃത് ജനറേഷൻ ക്യാമ്പയിനിലൂടെ കൗമാരക്കാർക്ക് തങ്ങളുടെ സർഗ്ഗവാസനകൾ റീൽസ് രൂപത്തിൽ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെക്കാം. ഭാവി ഇന്ത്യയെ കുറിച്ചുള്ള സ്വപ്നങ്ങൾ, ഭാവിയിൽ ആരാകണം തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ ലോകത്തിന് മുന്നിൽ എത്തിക്കാം. # Amrit Generation എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് വേണം റീൽസ് പങ്കുവെക്കാൻ. തിരഞ്ഞെടുക്കുന്ന 50 പേർക്ക് ന്യൂഡൽഹിയിലേക്ക് പ്രത്യേക ക്ഷണം ലഭിക്കും. തുടർന്ന് അവർക്ക് രാജ്യത്തെ പ്രമുഖ വ്യവസായികളുമായും ഉന്നത വ്യക്തിത്വങ്ങളുമായും സംവദിക്കാൻ അവസരം ലഭിക്കും. തിരഞ്ഞെടുത്ത യുവ ഇന്ത്യക്കാർക്ക് ഗുരുഗ്രാമിലെ മെറ്റാ ഓഫീസ് സന്ദർശിക്കാനും മെറ്റ സൃഷ്ടാക്കളുമായി സമയം ചെലവഴിക്കാനും ടെക്നോളജി അടുത്തറിയാനും അവസരം ലഭിക്കും.
Comments