ഡൽഹി: സ്വകാര്യ ടെലികോം സേവനദാതാക്കളുമായി കിടപിടിയ്‌ക്കുന്ന രീതിയൽ ബിഎസ്എൻഎല്ലിനെ വളർത്തിയെടുക്കാൻ കേന്ദ്രസർക്കാർ. പുനരുജ്ജീവന പാക്കേജായി 89,047 കോടി രൂപ അനുവദിയ്‌ക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. മൂന്നാമത്തെ പുനരുജ്ജീവന പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്വിറ്റി ഇൻഫ്യൂഷൻ വഴി ബിഎസ്എൻഎല്ലിന് 4G/5G സ്പെക്ട്രം അനുവദിക്കുന്നതും ഇതിൽ പെടുന്നു.
46,338.60 കോടി രൂപ വിലമതിക്കുന്ന 700 മെഗാഹെർട്‌സ്, 26,184.20 കോടി രൂപയ്‌ക്ക് 3,300 മെഗാഹെർട്‌സ്, 6,564.93 കോടി രൂപയ്‌ക്ക് 26 ജിഗാഹെർട്‌സ്, 9,428 രൂപ വിലമതിക്കുന്ന 2,500 മെഗാഹെർട്‌സ് എന്നിങ്ങനെ നാല് സ്‌പെക്‌ട്രം ബാൻഡുകളാണ് കാബിനറ്റ് അനുവദിച്ചത്. ബിഎസ്എൻഎല്ലിന്റെ അംഗീകൃത മൂലധനം 1,50,000 കോടി രൂപയിൽ നിന്ന് 2,10,000 കോടി രൂപയായി ഉയർത്താനും മോദി സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
സ്‌പെക്ട്രം അനുവദിക്കലിലൂടെ ബിഎസ്എൻഎല്ലിന് ഇന്ത്യയൊട്ടാകെ 4ജി, 5ജി സേവനങ്ങൾ നൽകാൻ കഴിയും. വോയ്‌സ് കോളുകളിലും ഡാറ്റയിലും കുറഞ്ഞ നിരക്കിൽ 4ജി സേവനങ്ങൾ അവതരിപ്പിച്ചുകൊണ്ട് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയോട് കടുത്ത മത്സരമാണ് ബിഎസ്‌എൻഎൽ കാഴ്ച വെയ്‌ക്കുന്നത്. പുതിയ പുനരുജ്ജീവന പാക്കേജിലൂടെ, ഇന്ത്യയുടെ വിദൂര ഭാഗങ്ങളിലേക്ക് കണക്റ്റിവിറ്റി നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സ്ഥിരതയുള്ള ടെലികോം സേവന ദാതാവായി ബിഎസ്എൻഎല്ലിനെ ഉയർത്തി കൊണ്ടുവരുമെന്ന് കാബിനറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Comments