കൊല്ലം: പാളത്തിൽ കിടന്നുറങ്ങിയ യുവാവിനെ ട്രെയിൻ നിർത്തി രക്ഷിച്ച് ലോക്കോപൈലറ്റ്. കൊല്ലം-ചെങ്കോട്ട പാതയിലെ പാളത്തിൽ മദ്യലഹരിയിൽ കിടന്നുറങ്ങിയ ആളെയാണ് രക്ഷിച്ചത്. അച്ചൻകോവിൽ ചെമ്പനരുവി സ്വദേശി റെജിയുടെ ജീവനാണ് ലോക്കോ പൈലറ്റും യാത്രക്കാരും ചേർന്ന് രക്ഷിച്ചത്.
എഴുകോൺ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. കൊല്ലത്ത് നിന്നും പുനലൂരിലേക്കുള്ള മെമു, ചീരങ്കാവ് ഇഎസ്ഐ ആശുപത്രിയ്ക്ക് സമീപമെത്തിയപ്പോൾ, യുവാവ് പാളത്തിന്റെ മദ്ധ്യത്തിൽ കിടന്നുറങ്ങുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വേഗം കുറവായതിനാൽ ട്രെയിൻ നിർത്തി യുവാവിനെ പാളത്തിൽ നിന്ന് പിടിച്ചുമാറ്റി. തുടർന്ന് ഇയാളെ എഴുകോൺ പോലീസിൽ ഏൽപ്പിച്ചു.
തുടർന്ന് ബന്ധുക്കളെത്തിയാണ് യുവാവിനെ കൂട്ടിക്കൊണ്ടുപോയത്. യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മഴയ്ക്ക് പിന്നാലെ വീശിയടിച്ച കാറ്റിൽ പാളത്തിലേക്ക് മരങ്ങൾ ഒടിഞ്ഞ് വീണതിനാൽ ഈ ഭാഗത്ത് ട്രെയിനുകൾ വേഗം കുറച്ച് പോകണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. ഈ നിർദ്ദേശമാണ് യുവാവിന് രക്ഷയായതും പുതു ജീവിതം നൽകിയതും.
Comments