ലക്നൗ: വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമം. അയോദ്ധ്യയിൽ നിർമ്മാണം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിൽ രാംലല്ലയുടെ വിഗ്രഹ പ്രതിഷ്ഠ ജനുവരി 22-ന് നടത്തും. ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചു. ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കുചേരുന്നതിനാണ് ക്ഷേത്ര ട്രസ്റ്റ് പ്രധാന മന്ത്രിയെ ക്ഷണിച്ചിരിക്കുന്നത്.
രാംലല്ലയുടെ വിഗ്രഹം സ്ഥാപിക്കുന്നതിനായി ഏഴ് ദിവസം നീണ്ടു നിൽക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങും നടത്തും. രാംലാലയുടെ പ്രാണപ്രതിഷ്ഠാ സമയത്ത് രാജ്യത്തെ ഒട്ടുമിക്ക പ്രദേശങ്ങളിലെയും ക്ഷേത്രങ്ങൾ അലങ്കരിക്കും. കൂടാതെ ചില സ്ഥലങ്ങളിൽ പ്രാണ പ്രതിഷ്ഠ വെർച്വൽ രീതിയിലും കാണിക്കുന്നതാണ്. അയോദ്ധ്യാ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ ശ്രീകോവിലിൽ രാംലല്ലയുടെ വിഗ്രഹം സ്ഥാപിക്കുന്നതിനാണ് ചടങ്ങ്. ഇതിനോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ അയോദ്ധ്യാ പ്രാണ പ്രതിഷ്ഠ എന്ന ചടങ്ങും ട്രസ്റ്റ് സംഘടിപ്പിക്കും.
രാമക്ഷേത്രത്തിന്റെ താഴത്തെ നിലയും രാംലല്ലയുടെ വിഗ്രഹവും 2023 നവംബറോടെ പൂർത്തിയാകും. താഴത്തെ നിലയുടെ നിർമ്മാണം അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. മേൽക്കൂരയുടെ നിർമ്മാണത്തോടൊപ്പം, ശ്രീകോവിലിലെ രാംലല്ലയുടെ പ്രതിഷ്ഠയിലേക്ക് സൂര്യരശ്മികൾ എത്തുന്നതിനുള്ള ഇടവും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ സൂര്യന്റെ കിരണങ്ങൾ ശ്രീകോവിലിലെ രാംലല്ലയുടെ നെറ്റിയിൽ പതിക്കും. എല്ലാ വർഷവും രാമനവമി ദിനത്തിൽ ഉച്ചയ്‌ക്ക് 12 മണിക്ക് രാംലല്ലയുടെ നെറ്റിയിൽ സൂര്യകിരണങ്ങൾ പതിക്കുന്ന തരത്തിലാണ് ഇത് ചെയ്യുന്നത്.















