ന്യൂഡൽഹി: അപകടങ്ങൾ ഇല്ലെന്ന് ഉറപ്പാക്കി നാശനഷ്ടങ്ങളുടെ തോത് കുറയ്‌ക്കണമെന്ന് ബിപാർജോയ് ‘ചുഴലിക്കാറ്റിനെക്കുറിച്ചുള്ള അവലോകന യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ദുരിതാശ്വാസത്തിനും രക്ഷാപ്രവർത്തനത്തിനും ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.
‘ബിപാർജോയ് ചുഴലിക്കാറ്റിനെ നേരിടാൻ എല്ലാവിധ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കരസേനയുടെയും നാവികസേനയുടെയും സംയുക്ത സംഘങ്ങളെ ദുരന്തബാധിതാ സാധ്യതയുള്ള പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തനസജ്ജമായിരിക്കും. ഏത് അടിയന്തിര സാഹചര്യമുണ്ടായാലും ഗുജറാത്തിന് ആവശ്യമായ എല്ലാ സഹായവും കേന്ദ്ര സർക്കാർ ഉറപ്പാക്കുന്നതായിരിക്കും. വൈദ്യുതി, ടെലികമ്മ്യൂണിക്കേഷൻ, ആരോഗ്യം, തുടങ്ങിയ എല്ലാ സേവനങ്ങളും ഉറപ്പാക്കാനും തീരദേശ സ്ഥലങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനും നടപടികൾ നടത്തിവരികയാണെന്നും അമിത് ഷാ വ്യക്തമാക്കി.
സോമനാഥ്, ദ്വാരക ക്ഷേത്രങ്ങളുടെ പരിസരത്ത് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കണമെന്ന് അമിത് ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ഗിർ വനത്തിലെ മൃഗങ്ങളുടെയും മരങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കേന്ദ്രമന്ത്രിമാരായ മൻസുഖ് മാണ്ഡവ്യ, പർഷോത്തം രൂപാല, ചീഫ് സെക്രട്ടറി, ജില്ലാ മജിസ്ട്രേറ്റുകൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.















