തിരുവനന്തപുരം: മൃഗശാലയിൽ നിന്നും ചാടിപോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മൃഗശാലയ്ക്കുള്ളിലെ മരത്തിന് മുകളിലാണ് കുരങ്ങിനെ കണ്ടെത്തിയത്. ഇതുവരെയും പിടികൂടാനായിട്ടില്ല. കുരങ്ങ് പുറത്തേക്കു പോകാതെ തിരികെ കൂട്ടിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആന്ധ്രയിൽ നിന്നും പുതിയതായി എത്തിച്ച ഹനുമാൻ കുരങ്ങ് കഴിഞ്ഞ ദിവസം വൈകിട്ടാണ് കൂട് തുറന്നപ്പോൾ ജീവനക്കാരെ വെട്ടിച്ച് മൃഗശാലയ്ക്ക് പുറത്തേക്ക് ചാടിയത്.
മൂന്നു വുയസ്സുള്ള പെൺ ഹനുമാൻ കുരങ്ങിനെ സന്ദർശകർക്ക് കാണുന്നതിനു വേണ്ടി തുറന്ന കൂട്ടിലേക്ക് ഇന്ന് മാറ്റാനിരിക്കുകയായിരുന്നു. ആദ്യം പെൺകുരങ്ങിനെയയായിരുന്നു കൂട്ടിനു പുറത്തെത്തിച്ചത്. പെൺ കുരങ്ങുകൾ ആൺ കുരങ്ങുകളെ വിട്ടുപോകില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം.
കൂടിനു പുറത്തിറങ്ങിയ കുരങ്ങ് ആദ്യം തൊട്ടടുത്തുള്ള മരത്തിൽ കയറിയപ്പോൾ ജീവനക്കാർക്ക് അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ല. മരങ്ങൾ പലതും ചാടിക്കടന്ന് ദൂരേക്ക് പോയപ്പോൾ അപകടം മണത്തു. ആൺകുരങ്ങിനെ കൂടോടെ അടുത്ത് എത്തിച്ചെങ്കിലും പെൺകുരങ്ങ് കൂട്ടിനടുത്തേക്ക് വന്നില്ല. ഇടയ്ക്ക് മൃഗശാല വളപ്പിനു പുറത്തെ മരങ്ങളിലും കുരങ്ങ് ചുറ്റിക്കറങ്ങി. രാത്രിയോടെ ബെയിൻസ് കോമ്പൗണ്ടിലെ തെങ്ങിൻ മുകളിൽ കുരങ്ങിനെ കണ്ടെത്തിയിരുന്നു.
Comments