അബുദാബി: യുഎഇയിൽ മൂന്ന് മാസത്തെ വിസിറ്റിംഗ് വിസകൾ വീണ്ടും ലഭ്യമായി തുടങ്ങി. വിവിധ രാജ്യക്കാർക്ക് വിത്യസ്ത നിരക്കാണ് വിസകൾക്ക് ഈടാക്കുന്നത്. ഇന്ത്യക്കാർക്ക് മൂന്ന് മാസത്തെ വിസ ലഭിക്കാൻ 1500 ദിർഹമാണ് ചാർജ്.
കഴിഞ്ഞ വർഷം അവസാനത്തോടെയാണ് യുഎഇയിൽ മൂന്ന് മാസത്തെ വിസിറ്റിംഗ് വിസകൾ നൽകുന്നത് അവസാനിപ്പിച്ചത്. തുടർന്ന് 30, 60 ദിവസത്തെ വിസകളായിരുന്നു ലഭിച്ചു കൊണ്ടിരുന്നത്. മലയാളികൾ ഉൾപ്പടെയുള്ളവർക്ക് ഇത് വലിയ തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് വിസ തീരുമ്പോൾ രാജ്യം വിടാതെ പുതുക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ലിഷർ വിസ എന്നാണ് ഈ വിസകൾ അറിയപ്പെടുക. 1500 മുതൽ 2000 ദിർഹം വരെയാണ് വിസയുടെ നിരക്ക്. ഇന്ത്യക്കാർക്ക് 1500 ദിർഹമാണ് ഈടാക്കുക. കഴിഞ്ഞ മാസം അവസാനം മുതൽ ഇത്തരം വിസകൾ കൊടുത്തു തുടങ്ങിയെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു.
90 ദിവസം കഴിഞ്ഞാൽ മൂന്ന് മാസത്തേക്ക് പുതുക്കാനും സാധിക്കും. ഇതിന് ശരാശരി 1300 ദിർഹം വരെയാണ് ട്രാവൽ ഏജൻസികൾ ഈടാക്കുന്നത്. എന്നാൽ രാജ്യത്തിന് പുറത്തു പോയി പുതിയ വിസയിൽ വരാൻ ഇതിനേക്കാൾ കുറഞ്ഞ ചാർജ് മതിയാകും. അതേസമയം എല്ലാത്തരം വിസിറ്റിംഗ് വിസകൾക്കും നേരത്തെയുണ്ടായിരുന്ന പത്ത് ദിവസത്തെ ഗ്രേസ് പിരീഡ് കഴിഞ്ഞ മാസം അവസാനിപ്പിച്ചിരുന്നു.
Comments