തൃശ്ശൂർ: സ്കൂൾ യൂണിഫോമിൽ മത ചിഹ്നങ്ങൾ ഉൾപ്പെട്ട ലോഗോ പിൻവലിച്ച് കൊടുങ്ങല്ലൂർ അഞ്ചങ്ങാടി മൂവ്മെന്റ് ഓഫ് ഇസ്ലാം ട്രസ്റ്റ് യുപി സ്കൂൾ. സംഘപരിവാർ സംഘടനകളും നാട്ടുകാരും പ്രതിഷേധമായി എത്തിയതോടെയാണ് വിവാദ ലോഗോ മാപ്പുപറഞ്ഞ് സ്കൂൾ മാനേജ്മെന്റ് പിൻവലിച്ചിരിക്കുന്നത്. ലോഗോ ശ്രദ്ധയിൽപ്പെട്ടതോടെ രക്ഷകർത്താക്കൾ മാനേജ്മെന്റിനെ പ്രതിഷേധം അറിയിക്കുകയായിരുന്നു. പിന്നാലെ വിഷയത്തിൽ മാപ്പുപറയുന്നതായും ലോഗോ നീക്കം ചെയ്യുന്നതായും അറിയിച്ചുകൊണ്ട് സ്കൂൾ അധികൃതർ പത്രക്കുറിപ്പ് പുറത്തിറക്കുകയായിരുന്നു.
സ്കൂൾ യൂണിഫോമിലെ ഷർട്ടിന്റെ പോക്കറ്റിന്റെ സ്ഥാനത്താണ് മതചിഹ്നങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ലോഗോ പതിപ്പിച്ചത്. പള്ളിയും ഖുറാനുമായിരുന്നു ലോഗോയിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ ലോഗോ യൂണിഫോമിൽ നിന്നും പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. യൂണിഫോമിൽ ഇതുവരെ സ്കൂൾ ഉപയോഗിച്ചുവന്നിരുന്ന മൂവ്മെന്റ് ഓഫ് ഇസ്ലാം ട്രസ്റ്റിന്റെ ലോഗോയാണ് നൽകിയിരുന്നതെന്നും എന്നാൽ രക്ഷിതാക്കൾ എതിർപ്പ് മാനിച്ച് പിൻവലിക്കുകയാണെന്നും സ്കൂൾ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഇത് മൂലം രക്ഷിതാക്കളിൽ ഉണ്ടായ പ്രയാസത്തിന് ക്ഷമ ചോദിക്കുന്നതായും ഇ.എ റഷീദ് മാസ്റ്റർ(മാനേജർ). ടി.എം. അഫ്സബി(ഹെഡ് മിസ്ട്രസ്സ്) എന്നിവർ പറഞ്ഞു. ലോഗോ ഉള്ള യൂണിഫോം മടക്കി നൽകാനും മാനേജ്മെന്റ് ആവശ്യപ്പെട്ടു.
Comments