ജീവിതത്തിൽ ഏറെ കാത്തിരുന്ന നിമിഷം വന്നണഞ്ഞതിന്റെ സന്തോഷത്തിലാണ് തെന്നിന്ത്യൻ താരം രാം ചരണും ഉപാസനയും. ഇന്ന് ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ അപ്പോളോ ഹോസ്പ്റ്റലിൽ വെച്ചാണ് ഉപാസന പെൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ നൽകിയിരിക്കുന്ന വിവരം. പതിനൊന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവർക്കും ആദ്യത്തെ കൺമണി പിറന്നിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് ഉപാസന അമ്മയാകാൻ തയാറെടുക്കുകയാണെന്ന വിവരം ആരാധകരെ അറിയിക്കുന്നത്. കഴിഞ്ഞ ആഴ്ച ഉപാസന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ അപ്പോളോ ഹോസ്പിറ്റലിൽ നിന്നുള്ള ചിത്രം പങ്കുവെച്ചിരുന്നു. വളരെ സ്പെഷ്യൽ ആയ ഒന്ന് ഉടൻ വരുന്നുവെന്നായിരുന്നു ചിത്രത്തോടൊപ്പം ഉപാസന കുറിച്ചത്.
2012-ലാണ് ഉപാസനയും രാംചരണും വിവാഹിതരാകുന്നത്. കോളേജ് പഠന കാലത്ത് ലണ്ടനിൽ വെച്ച് കണ്ടുമുട്ടിയ ഇരുവരും സൗഹൃദത്തിലാകുകയും പിന്നീട് പ്രണയത്തിലാകുകയുമായിരുന്നു. സൂപ്പർ സ്റ്റാർ ആയിരിക്കുമ്പോൾ തന്നെ അൽപ്പം നാണം കുണുങ്ങിയ രീതികളുള്ള താരം കോളേജ് കാലഘട്ടത്തിലായിരുന്നു വിപരീത സ്വഭാവ ഗുണങ്ങളുള്ള ഉപാസനയെ കാണുന്നത്. 2011-ലായിരുന്നു ഇരുവരും തമ്മിൽ വിവാഹ നിശ്ചയം നടക്കുന്നത്. ഹനുമാൻ ജിയുടെ അനുഗ്രഹത്തോടെ ഉപാസനയും രാംചരണും അവരുടെ ആദ്യ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്നുവെന്ന കാര്യം പങ്കുവെച്ചത് ചിരഞ്ജീവി ആയിരുന്നു.
Comments